കുഞ്ഞിന്റെ പിറന്നാളിന് വരാമെന്ന് പറഞ്ഞിട്ട് ഇങ്ങനെയാണോ നീ വന്നതെന്ന ചോദ്യത്തോടെ മകന്റെ മൃതദേഹത്തിലേക്ക് പൊട്ടിക്കരഞ്ഞ് വീണ എബ്രഹാമിനെ എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ ബന്ധുക്കൾ. ഓഗസ്റ്റ് 18ന് കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു സിബിൻ. അതിനിടെയാണ് ദുരന്തം സിബിന്റെ ജീവനെടുത്തത്.
സിബിൻ കഴിഞ്ഞ എട്ടുവർഷമായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ് എബ്രഹാം ജോലി ചെയ്തിരുന്ന കമ്പനിയിലായിരുന്നു സിബിന്റെയും ജോലി. സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്നു. പത്ത് മാസം മുമ്പായിരുന്നു സിബിന്റെ അമ്മ മരിച്ചത്. നാലുമാസം മുൻപ് ഭാര്യാ മാതാവും മരിച്ചു. കുഞ്ഞിന്റെ മാമോദീസ ചടങ്ങിനായാണ് അവസാനമായി സിബിൻ നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാളിന് നാട്ടിൽ എത്താനിരുന്നതാണ്.
എബ്രഹാം കിടന്നുറങ്ങിയിരുന്ന കുവൈറ്റിലെ അതേ മുറിയിൽ തന്നെയായിരുന്നു മകനും കഴിഞ്ഞിരുന്നത്. ആ കെട്ടിടം അപ്പാടെ തീ വിഴുങ്ങിയപ്പോൾ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ കൂടിയാണ് ഇല്ലാതായത്. എബ്രഹാമിന് അറിയാവുന്ന പലരുമുണ്ട് മരിച്ച കൂട്ടത്തിൽ, കൂടെ ജോലി ചെയ്തിട്ടുള്ള സഹപ്രവർത്തകരും മരിച്ചവരിൽ ഉണ്ട്. മോനേ നിന്നിലായിരുന്നില്ലേ എന്റെ പ്രതീക്ഷ മുഴുവൻ എന്നു പറഞ്ഞ് കരഞ്ഞാണ് എബ്രഹം മൃതശരീരം ഏറ്റുവാങ്ങിയത്