Site iconSite icon Janayugom Online

അഞ്ചാം ലോക കേരള സഭ: കുവൈറ്റിലെ പ്രവാസി മലയാളികൾക്ക് കരുത്തായി പതിനൊന്നംഗ പ്രതിനിധികൾ

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി കേരള സർക്കാർ സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് കുവൈറ്റിൽ നിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചു. 2026 ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടക്കുന്ന ഉന്നതതല സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, ആരോഗ്യ, വ്യാപാര മേഖലകളിൽ നിന്നുള്ള പത്ത് പ്രമുഖർ പങ്കെടുക്കും.

അഞ്ചാം ലോക കേരള സഭയിലേക്ക് കേരള അസോസിയേഷൻ കുവൈറ്റിന്റെ പ്രതിനിധികൾ പങ്കെടുക്കുന്നത് ഏറെ അഭിമാനത്തോടെയാണ് സംഘടന അറിയിക്കുന്നത്. നാലാം ലോക കേരള സഭയിൽ അംഗമായിരുന്ന അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം മണിക്കുട്ടൻ എടക്കാട്ടിനെ അഞ്ചാം ലോക കേരള സഭയിലേക്കും വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു. അതോടൊപ്പം കേന്ദ്ര കമ്മിറ്റി അംഗവും കുവൈറ്റിലെ മികച്ച ചാർട്ടേർഡ് അക്കൗണ്ടന്റ് മാരിൽ പ്രമുഖനുമായ വിനോദ് വലൂപറമ്പിലിനെയും ഇത്തവണ സഭയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇവർക്ക് സാധിക്കുമെന്നും കേരള അസോസിയേഷൻ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രശ്ന പരിഹാരത്തിനുമായി രൂപംകൊണ്ട സഭയിലേക്ക് കല കുവൈറ്റിൽ നിന്നും വനിതാവേദിയിൽ നിന്നുമായി ജെ. സജി (മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി), ടി വി ഹിക്മത് (കല കുവൈറ്റ് ജനറൽ സെക്രട്ടറി), സി കെ നൗഷാദ് (കല കുവൈറ്റ് മുൻ ഭാരവാഹി, സാമൂഹ്യ പ്രവർത്തകൻ), കവിത അനൂപ് (വനിതാവേദി ജനറൽ സെക്രട്ടറി) എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളിൽ സംഘടന നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് കല കുവൈറ്റ് ഇതിനെ കാണുന്നത്. 

കുവൈറ്റിലെ ആരോഗ്യ മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസയെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് സഭയിലേക്ക് തിരഞ്ഞെടുത്തത്. കുവൈറ്റിലെ എല്ലാ പ്രവാസി സംഘടനകളുടെയും പ്രവർത്തനങ്ങളിലും പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങളിലും തൊഴിൽപരമായ ബുദ്ധിമുട്ടുകളിലും ക്രിയാത്മകമായി ഇടപെടുന്ന അദ്ദേഹം, പ്രവാസികളുടെ ശബ്ദം സർക്കാരിലേക്ക് എത്തിക്കാനുള്ള മികച്ച വേദിയായി സഭയെ കാണുന്നു. ആധുനിക ആരോഗ്യസേവനങ്ങൾ, മെഡിക്കൽ മാനേജ്മെന്റ്, നൂതന ചികിത്സാ സംവിധാനങ്ങൾ എന്നിവയിൽ കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങൾ ലോക കേരള സഭയിലെ ചർച്ചകൾക്ക് വിലപ്പെട്ട സംഭാവനയായിരിക്കും. 

കേരളവും പ്രവാസി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങളും അന്താരാഷ്ട്ര അനുഭവങ്ങളും പങ്കുവെക്കുന്നതിനും ഈ അവസരം സഹായകമാകുമെന്ന് മുസ്തഫ ഹംസ ജനയുഗത്തോട് പങ്കുവെച്ചു. ലോക കേരള സഭ വേദിയിൽ ആരോഗ്യരംഗത്തെ വെല്ലുവിളികൾ, നിക്ഷേപ സാധ്യതകൾ, മെഡിക്കൽ ടൂറിസം, പ്രവാസി മലയാളികളുടെ ആരോഗ്യ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളിൽ മുസ്തഫ ഹംസയുടെ അനുഭവസമ്പത്തും ദർശനവും നിർണായകമായ സംഭാവന നൽകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി ചേർന്നുള്ള ആരോഗ്യനയ രൂപീകരണത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം പ്രാധാന്യമേറിയതായിരിക്കും.

കുവൈറ്റിലെ കേരളീയ പ്രവാസി ബിസിനസ്-പ്രഫഷണൽ സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) സെക്രട്ടറി സുരേഷ് കെ പി അഞ്ചാം ലോകകേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടായി ഇന്ത്യ–കുവൈറ്റ് വ്യാപാരബന്ധങ്ങൾക്കും പ്രവാസി ക്ഷേമത്തിനുമായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.കുവൈറ്റിലെ ഇന്ത്യൻ പ്രൊഫഷണലുകളുടെയും വ്യവസായികളുടെയും ആശങ്കകളും ആശയങ്ങളും ക്രമബദ്ധവും നിർമാണാത്മകവുമായ രീതിയിൽ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിനുള്ള ഒരു സ്ഥാപനാത്മക വേദിയായി ഐ.ബി.പി.സി കുവൈറ്റ് സ്ഥിരമായി പ്രവർത്തിച്ചുവരുന്നു. ലോക കേരള സഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്, പ്രവാസി സംഘടനകളും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ തുടർച്ചയായാണ് കണക്കാക്കപ്പെടുന്നത്.

ആദ്യ ലോക കേരള സഭ മുതൽ അംഗമായി തുടരുന്ന ബാബു ഫ്രാൻസീസ് (എൻസിപി വർക്കിംഗ് കമ്മിറ്റി അംഗം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലും, പ്രവാസി ഗർഭിണികളെയും നിർധനരെയും നാട്ടിലെത്തിക്കാൻ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിയമപോരാട്ടം നടത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്.

കുവൈറ്റിലെ പ്രമുഖ സാമൂഹിക‑ഓൺലൈൻ മാധ്യമ പ്രവർത്തകനായ സത്താർ കുന്നിൽ രണ്ടാം തവണയും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുവൈറ്റ് മീഡിയ ഫോറം ജനറൽ കൺവീനറും ഐഎംസിസി മുഖ്യ രക്ഷാധികാരിയുമാണ്. നോർക്ക സേവനങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിക്കുന്നു.

കുവൈറ്റിൽ താമസിക്കുന്ന മലയാളി പ്രൊഫഷണലുകൾക്കിടയിൽ പ്രൊഫഷണൽ മികവ്, അറിവ് പങ്കിടൽ, കമ്മ്യൂണിറ്റി വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സാമൂഹിക‑പ്രൊഫഷണൽ സംഘടനയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) ന്റെ പ്രതിനിധിയായി ജനറൽ സെ​ക്ര​ട്ട​റി ഷാ​ജി മ​ഠ​ത്തി​ൽ അഞ്ചാം ലോക കേരളസഭയിൽ പങ്കെടുക്കുന്നുണ്ട്. 

ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനും, കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലോക കേരള സഭ ഒരു മികച്ച വേദിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നാല് സമ്മേളനങ്ങളിലൂടെ ഉയർന്നുവന്ന നോർക്ക കെയർ, റിക്രൂട്ട്‌മെന്റ് നയങ്ങൾ തുടങ്ങിയ നിരവധി ആശയങ്ങൾ നടപ്പിലാക്കാൻ സാധിച്ചത് സഭയുടെ വിജയമായി കണക്കാക്കപ്പെടുന്നു. കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ പ്രതിസന്ധികളും ആവശ്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കാനും പരിഹാരം കണ്ടെത്താനും ഈ പത്തംഗ സംഘത്തിന് സാധിക്കുമെന്ന് പ്രവാസി സമൂഹം പ്രത്യാശിക്കുന്നു. ജനുവരി 29‑ന് ആരംഭിക്കുന്ന ഈ സമ്മേളനത്തിൽ കുവൈറ്റിന്റെ സജീവമായ സാന്നിധ്യവും ക്രിയാത്മകമായ ചർച്ചകളും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് കുവൈറ്റിലെ പ്രവാസി മലയാളികൾ.

Exit mobile version