Site iconSite icon Janayugom Online

കുവൈത്തിലെ വിഷമദ്യ ദുരന്തം : ചികിത്സയില്‍ തുടരുന്നവരെ നാട് കടത്താനുള്ള നടപടികള്‍ ആരംഭിച്ചു

കുവൈത്തിലെ വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയില്‍ തുടരുന്നവരെ നാട് കടത്താനുള്ള നടപടികള്‍ ആരംഭിച്ചു. 160 പേരാണ് സംഭവുമായി ബന്ധപ്പെച്ച് ചികിത്സ തേടിയത്.ദുരന്തത്തില്‍ 23 പേര്‍ മരിച്ചിരുന്നു .ചികിത്സയില്‍ തുടരുന്ന ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ഉടന്‍ നാട്ടിലേക്ക് അയക്കും .ഇവർക്ക് തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ വിലക്കും ഏർപ്പെടുത്തും.ജോലിയും ആരോഗ്യവും നഷ്ടപെട്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ഇനി എന്ത് ചെയ്യും എന്നുള്ള ആശങ്കയിലാണ് പ്രവാസികൾ.

കുവൈത്തിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്ത് വന്നവരാണ് വിഷമദ്യ ദുരന്തത്തിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണ് നാട്ടിലുള്ളത്. ആ ചെറിയ തുക കൂടി ലഭിക്കാതെ ആകുമ്പോൾ പ്രവാസികളുടെ മിക്ക കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാകും. അത് മാത്രവുമല്ല നിലവിൽ ചികിത്സയിൽ തുടരുന്ന പലരുടെയും കാഴ്ച നഷ്ടപ്പെടുകയും വൃക്ക തകരാറിലാകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ തുടർ ചികിത്സയ്ക്കുള്ള പണവും ഇനി വീട്ടുകാർ കണ്ടെത്തേണ്ടി വരും. ഇത് പല കുടുംബങ്ങളുടെയും മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിക്കും.

മദ്യ ദുരന്തത്തില്‍ 23 പേരാണ് മരിച്ചത്. ഇവരിൽ 6 പേർ മലയാളികളാണെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ 20 പേർക്ക് കാഴ്ച നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. ചികിത്സയിൽ തുടരുന്ന ആളുകളുടെ വിവരങ്ങൾ കുവൈത്ത് അധികൃതർ പുറത്ത് വിടാൻ തയ്യാറായിട്ടില്ല.അതു കൊണ്ട് എത്ര മലയാളികൾ ദുരന്തത്തിന് ഇരയായി എന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവുമായി ബന്ധപ്പെട്ട് 71 പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Exit mobile version