കെ റെയിലിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഭൂമി ഏറ്റെടുക്കുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കെ വി തോമസ് പറഞ്ഞു.വികസനകാര്യങ്ങളിൽ താൻ രാഷ്ട്രീയം കാണുന്നില്ല. വികസനം ജനങ്ങൾക്ക് വേണ്ടിയാണെന്നും ജനങ്ങളുടെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയിൽവേ പാതകൾ വികസനത്തിന് ആവശ്യമാണ്.വികസന കാര്യത്തിൽ അമിതമായ രാഷ്ട്രീയം വരാൻ പാടില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും കെ വി തോമസ് കൊച്ചിയില്‍ പറഞ്ഞു.ഭരണക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികളെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമപോലെയാണ് കേരളത്തിൽ. ഈ സ്ഥിതിക്ക് മാറ്റം വരണം .സംസ്ഥാനത്തിന് മാത്രമായി താങ്ങാൻ കഴിയാത്ത പദ്ധതികൾക്ക് കേന്ദ്ര സഹായം തേടുന്നതിൽ തെറ്റില്ലെന്നും തോമസ് പറഞ്ഞു
അതേസമയം എളമരം കരീം എം പിക്കെതിരെ ഏഷ്യാനെറ്റ് അവതാരകന്‍ നടത്തിയ പരാമര്‍ശത്തിലും കെ വി തോമസ് പ്രതികരിച്ചു. തൊഴിലാളികൾ സമരം ചെയ്യുമ്പോൾ അതിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സമരം ചെയ്യുന്നത് തൊഴിലാളികളുടെ പൊതുവായ താല്പര്യങ്ങൾക്ക് വേണ്ടിയാണ്.
സമരങ്ങളിൽ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഐ എൻ ടി യു സി-കോൺഗ്രസ് ബന്ധത്തെക്കുറിച്ചും കെ വി തോമസ് പ്രതികരിച്ചു. അമ്മയും മകനും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം പോലെയാണ് ഐ എൻ ടി യു സിയും കോൺഗ്രസും തമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സതീശനെതിരായ അമര്‍ഷവും കെ വി തോമസ് പ്രകടിപ്പിച്ചു.
English Summary: KV Thomas backs K Rail: Thomas says INTUC and Congress have a rift
You may like this video also