Site icon Janayugom Online

ഓസ്‌ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ഭരണത്തിന് അന്ത്യം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മധ്യ — ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിക്കു മുന്നില്‍ സ്‍കോട്ട് മോറിസണ്‍ പരാജയം സമ്മതിച്ചു. ഇതോടെ ഒരു ദശാബ്ദ കാലമായി തുടരുന്ന കണ്‍സര്‍വേറ്റീവ് ഭരണത്തിന് അവസാനമായി.

മോറിസണിന്റെ ലിബറൽ‑നാഷണൽ സഖ്യത്തിന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലുള്‍പ്പെടെ, പ്രത്യേകിച്ച് സമ്പന്നമായ നഗര സീറ്റുകളില്‍ തിരിച്ചടിയേറ്റതായാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 76ല്‍ 70 ലധികം സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടി.

ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ 151 ലോവർ ഹൗസ് സീറ്റുകളിൽ 76 എണ്ണത്തിലേക്കെത്താന്‍ ലേബര്‍ പാര്‍ട്ടിക്ക് കഴിയാത്ത സാഹചര്യത്തില്‍, പരിസ്ഥിതി അനുകൂല സ്വതന്ത്രരുടെ പിന്തുണയോടെയാകും ആന്റണി അല്‍ബനീസും അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിയും അധികാരത്തിലേറുക.

നിലവില്‍ പ്രതിപക്ഷ നേതാവും അടുത്ത പ്രധാനമന്ത്രിയുമായ ആന്റണി അല്‍ബാനീസുമായി സംസാരിച്ചെന്നും വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചതായും സ്‍കോട്ട് മോറിസണ്‍ പറ‍ഞ്ഞു. സമഗ്രത, സമത്വം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടൽ എന്നീ നയങ്ങളിലൂന്നി പ്രചാരണം നടത്തിയ ടീൽ സ്വതന്ത്രർ എന്ന് വിളിക്കപ്പെടുന്ന സംഘവും ഗ്രീന്‍സും ശക്തമായ പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ചത്.

കാലാവസ്ഥാ വ്യതിയാനം, സര്‍ക്കാരിലെ സമഗ്രത, ലൈംഗിക പീഡനം തുടങ്ങിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നില്‍ വരുത്തിയ വീഴ്ചയാണ് കണ്‍സര്‍വേറ്റീവ് ലിബറല്‍-നാഷണല്‍ സഖ്യത്തിന് വലിയ തോതില്‍ തകര്‍ച്ച സംഭവിച്ചതിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അഭിപ്രായ വോട്ടെടുപ്പുകളിൽ മധ്യ ‑ഇടതുപക്ഷ ലേബർ പാര്‍ട്ടിക്ക് പിന്തുണയും വര്‍ധിച്ചതായി വ്യക്തമായിരുന്നു.

ലേബര്‍ പാര്‍ട്ടിയുടെ മുന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിമാരായിരുന്ന കെവിന്‍ റൂഡിന്റെയും ജൂലിയ ഗില്ലാര്‍ഡിന്റെയും കീഴില്‍ അല്‍ബാനീസ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 2019 ലെ ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് നേതൃസ്ഥാനത്തേക്ക് അല്‍ബാനീസ് എത്തുന്നത്.

Eng­lish summary;Labor Par­ty in pow­er in Australia

You may also like this video;

Exit mobile version