Site iconSite icon Janayugom Online

അടുക്കളയിൽ ശുചിത്വമില്ല, സുരക്ഷാ മാനദണ്ഡങ്ങളിലും വീഴ്ച; 10 പിജികൾ പൂട്ടിച്ച് ബംഗളൂരു കോർപ്പറേഷൻ

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ബംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ പരിധിയിലെ 10 പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങൾ അധികൃതർ പൂട്ടി സീൽ ചെയ്തു. തിങ്കളാഴ്ച നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ജയനഗർ, ബെംഗളൂരു സൗത്ത്, ബിടിഎം ലേഔട്ട്, ബൊമ്മനഹള്ളി മണ്ഡലങ്ങളിലായി 66 പിജികളിലാണ് അധികൃതർ പരിശോധന നടത്തിയത്. ശുദ്ധമായ കുടിവെള്ളം, അടുക്കളയിലെ ശുചിത്വം, സുരക്ഷിതമായ ശൗചാലയങ്ങൾ, ഫയർ സേഫ്റ്റി ഉപകരണങ്ങൾ, സിസിടിവി ക്യാമറകൾ, എഫ് എസ് എസ് എ ഐ സർട്ടിഫിക്കറ്റ് എന്നിവയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.

വീഴ്ചകൾ കണ്ടെത്തിയ പിജികളിൽ നിന്ന് ആകെ 22,500 രൂപ പിഴയായി ഈടാക്കി. ഏഴ് ദിവസത്തിനകം പോരായ്മകൾ പരിഹരിക്കാൻ പിജി ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും മോശമായ രീതിയിൽ അടുക്കള പ്രവർത്തിച്ചിരുന്ന 10 സ്ഥാപനങ്ങളാണ് ഉടനടി സീൽ ചെയ്തതെന്ന് കോർപ്പറേഷൻ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.

Exit mobile version