Site iconSite icon Janayugom Online

ലഡാക്ക് ; പുതുക്കിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രം

ലഡാക്ക് പ്രതിനിധികളുമായുള്ള അടുത്ത ചര്‍ച്ചയ്ക്ക് മുന്നോടിയായി പുതുക്കിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആവശ്യങ്ങള്‍ വിശദമായി രേഖപ്പെടുത്തിയ കരട് സമര്‍പ്പിക്കാനാണ് ലേ അപ്പക്സ് ബോഡി(എല്‍എബി), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്(കെഡിഎ) എന്നിവര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് ഇരു പ്രതിനിധി സംഘങ്ങളെയും ക്ഷണിക്കുകയും ചെയ്തു.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കരട് തയ്യാറാക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും അന്തിമമാക്കുന്നതിനും ലേയില്‍ തങ്ങള്‍ യോഗം ചേര്‍ന്നതായും കെഡിഎയില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം ഇരു സംഘടനകളും സമവായത്തോടെ അന്തിമ കരട് രേഖ തയ്യാറാക്കുമെന്നും എല്‍എബി സഹ ചെയര്‍മാന്‍ ചെറിങ് ഡോര്‍ജയ് ലക്രുക് അറിയിച്ചു. ലഡാക്കിനുള്ള സംസ്ഥാനപദവി, ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള ഭരണഘടനാപരമായ സംരക്ഷണങ്ങള്‍, പ്രത്യേക പബ്ലിക് സര്‍വീസ് കമ്മിഷന്‍, ഭരണത്തില്‍ കൂടുതല്‍ പ്രാദേശിക പ്രാതിനിധ്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സെപ്റ്റംബര്‍ 24ന് ലേയില്‍ നടന്ന അക്രമത്തെത്തുടര്‍ന്ന് ലഡാക്കില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് വിശദമായ കരടുരേഖ തേടാനുള്ള നീക്കം ആഭ്യന്തരമന്ത്രാലയം നടത്തിയത്. 

Exit mobile version