Site icon Janayugom Online

ലേക്ക്ഷോർ അവയവദാന തട്ടിപ്പ്: തെളിവായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ലേക്ക്ഷോർ ആശുപത്രിയിലെ അവയവദാന വിവാദത്തിൽ ഉടുമ്പൻചോല സ്വദേശി എബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോസ്റ്റ്മോർട്ടത്തിനുപോലും പര്യാപ്തമല്ലാത്ത വിധം ഹൃദയം വികൃതമാക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അപകടശേഷം മൂന്നു ദിവസം ആശുപത്രിയിൽ കിടന്നിട്ടും എബിന്റെ തലച്ചോറിൽ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നിരുന്നു. ആന്തരിക രക്തസ്രാവം ഒഴിവാക്കാൻ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്നും അവയവമാറ്റ രേഖകൾ പോസ്റ്റ്മോർട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്. 

ഫോറൻസിക് സർജന്റെ മൊഴിയെടുക്കാതെ കേസ് അവസാനിപ്പിക്കാനും ശ്രമം നടന്നു. ശരീരത്തിൽ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ എബിന്റെ വൃക്കയും കരളും നീക്കം ചെയ്തത് തീര്‍ത്തും അലക്ഷ്യമായാണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അക്കാലത്ത് തന്നോട് പറഞ്ഞിരുന്നതായി അന്ന് കോതമംഗലം സി ഐ ആയിരുന്ന റിട്ട. ഡിവൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് ഇന്നലെ വെളിപ്പെടുത്തി.
അതേസമയം, എബിന് കൃത്യമായ ചികിത്സ നൽകിയെന്നും നിയമങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നു. രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണമണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാം സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 

2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു, അവയവ ദാനം നടത്തുമ്പോൾ സ്വീകരിക്കേണ്ട 13 കാര്യങ്ങളിൽ വീഴ്ചയുണ്ടെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച ശേഷമാണ് കോടതി പ്രഥമദൃഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്.

Eng­lish Summary:Lakeshore Organ Dona­tion Fraud: Autop­sy Report as Evidence

You may also like this video

Exit mobile version