Site iconSite icon Janayugom Online

ലഖിംപൂർ ഖേരി: സാക്ഷിക്കുനേരെ ആക്രമണം

ലഖിംപൂർ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ മുഖ്യസാക്ഷികളെ പ്രതി ആശിഷ് മിശ്രയുടെ സഹായികള്‍ ആക്രമിച്ചതായി പരാതി. കേസിലെ പ്രധാന സാക്ഷിയായ പ്രബ്ജോത് സിങ്ങിനെയും അനുജൻ സർവജീത് സിങ്ങിനെയും വാൾ കൊണ്ട് ആക്രമിച്ചു എന്നാണ് പരാതി. ആക്രമണത്തിൽ സർവജീത് സിങ്ങിന് പരുക്കേറ്റു. എന്നാൽ, പ്രബ്ജോത് സിങ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിനു പിന്നിൽ പ്രതി ആശിഷ് മിശ്ര ആണെന്ന് പ്രബ്ജോത് ആരോപിച്ചു. സംഭവത്തില്‍ ആശിഷ് മിശ്രയ്ക്കെതിരെ ടികുനിയ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

എന്നാൽ, ആക്രമണത്തിനു പിന്നിൽ ആശിഷ് മിശ്രയല്ലെന്ന് പൊലീസ് പറയുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇതെന്നും പൊലീസ് അവകാശപ്പെടുന്നു. കഴിഞ്ഞ ജൂണിൽ കേസിലെ മറ്റൊരു സാക്ഷിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബാഗ് സിങ്ങിനു നേരെ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.
2021 ഒക്ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ സമരം ചെയ്ത കര്‍ഷകര്‍ കൂട്ടക്കൊലയ്ക്ക് ഇരയായത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര തന്റെ വാഹനം കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു.

Eng­lish Sum­ma­ry : Lakhim­pur Kheri: Attack on witness
You may also like this video

Exit mobile version