Site iconSite icon Janayugom Online

ലഖിംപുര്‍ ഖേരി: കേസിലെ പ്രധാനസാക്ഷി ആക്രമിക്കപ്പെട്ടു

ലഖിംപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ പ്രധാനസാക്ഷിക്കുനേരെ ആക്രമണം ഉണ്ടായതായി അഭിഭാഷകന്‍ സുപ്രീം കോടതിയില്‍. മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ മകനായ ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസ് കേള്‍ക്കുന്നതിന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് രൂപീകരിച്ചു. ഈ ബെഞ്ചാണ് ലഖിംപുര്‍ ഖേരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകള്‍ കെെകാര്യം ചെയ്തിരുന്നത്.
ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നടന്ന ദിവസം സാക്ഷിക്ക് എതിരെ ആക്രമണം ഉണ്ടായതായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിക്കുകയായിരുന്നു. ബിജെപി വീണ്ടും അധികാരത്തില്‍ വന്നതിനാല്‍ സാക്ഷികളെ കൈകാര്യം ചെയ്യുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തുന്നതായും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോലി എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനം ഉള്‍പ്പെടെയുള്ള വാഹനവ്യൂഹം ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറിയത്. നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഫെബ്രുവരി 10നാണ് അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്.

Eng­lish Sum­ma­ry: Lakhim­pur Kheri: Key wit­ness in case attacked; The peti­tion will be con­sid­ered today
You may like this video also

Exit mobile version