കർഷക സമരത്തിനെതിരെ നടന്ന അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവം അന്വേഷിക്കുന്ന ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം 5000 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ലഖിംപുർ ഖേരിയിൽ നാല് കർഷകരെയും മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കുറ്റപത്രം എന്ന് സീനിയർ പ്രോസിക്യൂഷൻ ഓഫീസർ എസ് പി യാദവ് പറഞ്ഞു.
അക്രമസംഭവങ്ങളിൽ ആകെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കോടതി കുറ്റപത്രം അംഗീകരിച്ചാൽ, കേസിൽ വിചാരണ ആരംഭിക്കും. ആശിഷ് മിശ്ര ഓടിച്ച എസ്‍യുവി നാല് കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് രണ്ട് ബിജെപി പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു. ആശിഷ് മിശ്രയെയും മറ്റ് 12 പേരെയും പ്രതികളാക്കി യുപി പൊലീസ് പ്രഥമ വിവര റിപ്പോർട്ട് എഫ്ഐആർ ഫയൽ ചെയ്തു. എന്നാൽ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ ഒരാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതിയുടെ ഇടപെടൽ വേണ്ടി വന്നു.
കർഷകരെയും മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയാണെന്നും അശ്രദ്ധമൂലമുള്ള മരണമല്ലെന്നും കഴിഞ്ഞ മാസം പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ആശിഷ് മിശ്രയ്ക്കും മറ്റുള്ളവർക്കുമെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചുവെന്ന കുറ്റം പരിഷ്കരിക്കണമെന്നും കൊലപാതകശ്രമം, കരുതിക്കൂട്ടിയുള്ള അക്രമം തുടങ്ങിയ കുറ്റങ്ങൾ കൂട്ടിച്ചേർക്കണമെന്നും പൊലീസ് സംഘം ജഡ്ജിക്ക് കത്തയക്കുകയും ചെയ്തു. കഴിഞ്ഞ മാസം സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോൾ യുപി സർക്കാരിന് കടുത്ത ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. തുടർന്ന് അന്വേഷണം ഉടൻ പൂർത്തിയാക്കാൻ എസ്ഐടിയോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു.
എന്നാൽ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കർഷകരുടെ അഭിഭാഷകൻ മൊഹമ്മദ് അമാൻ പറഞ്ഞു. ‘കുറ്റപത്രം സമർപ്പിച്ചെങ്കിലും അജയ് മിശ്ര ടെനിയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. പരാതിയിൽ അജയ് മിശ്ര ടെനിയുടെ പേരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്താൻ ഞങ്ങൾ എസ്ഐടിക്ക് നിവേദനം നൽകിയിട്ടും അത് ചെയ്തിട്ടില്ല. മന്ത്രിയുടെ പേരിലുള്ളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. അദ്ദേഹത്തിന്റെ പേരും രേഖപ്പെടുത്തിയിട്ടില്ല. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കോടതിയിൽ പോകേണ്ടി വന്നേക്കാം. ’ അമാൻ പറഞ്ഞു.
ENGLISH SUMMARY:Lakhimpur-Kheri massacre: 5,000-page chargesheet
You may also like this video