Site iconSite icon Janayugom Online

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ഹര്‍ജി തള്ളി

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വിചാരണ നേരിടണം. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ആശിഷ് മിശ്രയുടെ ഹര്‍ജി വിചാരണ കോടതി തള്ളി. ആശിഷ് മിശ്ര അടക്കമുള്ള പ്രതികള്‍ക്കെതിരെ ഇന്ന് വിചാരണ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടബോര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. സുപ്രീം കോടതി ഇടപെടലിന് ശേഷം ഒക്ടോബർ ഒമ്പതിനാണ് ആശിഷിനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി ഇത് റദ്ദ് ചെയ്തു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ ഹര്‍ജിയിലായിരുന്നു നടപടി. ജൂലൈ 26ന് വീണ്ടും വാദം കേട്ട ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.

Eng­lish Sum­ma­ry: Lakhim­pur Kheri Mas­sacre: Ashish Mishra’s Peti­tion Rejected
You may also like this video

Exit mobile version