Site iconSite icon Janayugom Online

ലഖിംപുര്‍ ഖേരി കൂട്ടക്കാല: അജയ് മിശ്രയുടെ പരാമർശങ്ങൾ ഇല്ലായിരുന്നെങ്കിൽ ലഖിംപുർ ഖേരി സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് കോടതി

Ajay MisraAjay Misra

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ പരാമർശങ്ങൾ ഇല്ലായിരുന്നെങ്കിൽ ലഖിംപുർ ഖേരി സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ വാഹനമോടിച്ചുകയറ്റി ലഖിംപുർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല നടത്തിയ സംഭവത്തിൽ നാല് പ്രതികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന രാഷ്ട്രീയ നേതാക്കൾ, പരാമർശങ്ങൾ നടത്തുമ്പോൾ സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുത്ത് മാന്യമായ രീതിയിൽ വാക്കുകൾ ഉപയോഗിക്കണമെന്ന് ജസ്റ്റിസ് ദിനേഷ് കുമാർ സിങ് അഭിപ്രായപ്പെട്ടു. 2021 സെപ്റ്റംബർ 25ന് ഒരു പൊതുയോഗത്തിൽ വച്ചാണ് അജയ് മിശ്ര സമരം ചെയ്യുന്ന കർഷകർക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയത്. കർഷകർ സ്വയം അച്ചടക്കം പാലിക്കണമെന്നും അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ അനുസരിപ്പിക്കുമെന്നും അതിന് രണ്ട് മിനിട്ട് മാത്രം മതിയെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ വാക്കുകൾ.

ഒക്ടോബർ മൂന്നിന്, മന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ കർഷകർ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയിലേക്കാണ് ആശിഷ് മിശ്ര വാഹനമോടിച്ച് കയറ്റിയത്.

ആശിഷ് മിശ്രയും ജാമ്യഹർജി നൽകിയ ലവ്കുശ്, അങ്കിത് ദാസ്, സുമിത് ജയ്സ്വാൾ, ശിശുപാൽ എന്നിവരും രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലെ അംഗങ്ങളാണെന്നും നിയമ നടപടികളിൽ ഇവർ ഇടപെടുമെന്നും തെളിവുകൾ നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുമെന്നുമുള്ള ആശങ്കകൾ ഇപ്പോൾ തള്ളിക്കളയാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ആശിഷ് മിശ്രയ്ക്ക് ഈ വർഷം ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് സുപ്രീം കോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളുടെ വാദം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ജാമ്യം നല്‍കാന്‍ അനാവശ്യ തിടുക്കം കാണിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

Eng­lish Sum­ma­ry: Lakhim­pur Kheri mas­sacre: Lakhim­pur Kheri inci­dent would not have hap­pened if Ajay Mishra do not make remarks

You may like this video also

Exit mobile version