Site iconSite icon Janayugom Online

ലഖിംപുര്‍ ഖേരി കൂട്ടക്കൊല ആസൂത്രിതം; ഗൂഢാലോചന നടന്നെന്ന് അന്വേഷണ സംഘം കോടതിയില്‍

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറുകയും തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലുമായി എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍. കേസിലെ പതിമൂന്നു പ്രതികള്‍ക്ക് നേരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എസ്‌ഐടി കണ്ടെത്തലുകളെ കുറിച്ച് വിവരിച്ചിട്ടുള്ളത്.

സംഭവത്തിന് പിന്നില്‍ ബോധപൂര്‍ണമായ ആസുത്രണമുണ്ടെന്നും അശ്രദ്ധകൊണ്ടുണ്ടായ അപകടമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വ്വമാണ് കൊലപാതകം നടത്തിയത്. അതിനാല്‍ നിലവില്‍ അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് പ്രകാരം ചുമത്തിയത് ഉള്‍പ്പടെയുള്ള മൂന്ന് കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കെലപാതക ശ്രമത്തിനുള്ള സെഷന്‍ 307, മാരകായുധങ്ങള്‍ പ്രയോഗിച്ചുള്ള അക്രമം (സെഷന്‍ 326), ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് പ്രതിഷേധക്കാര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറിയത്. ഇടിച്ചു കയറിയ വാഹനത്തിലുണ്ടായിരുന്ന അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയാണ് കേസിലെ പ്രധാന പ്രതി. വാഹനം പാഞ്ഞു കയറി നാലു കര്‍ഷകര്‍ മരിച്ചു.

eng­lish summary;Lakhimpur Kheri mas­sacre planned

you may also like this video;

Exit mobile version