കർഷകരുടെ ഇടയിലേക്കു വാഹനം ഓടിച്ചുകയറ്റിയ ലഖിംപുർ ഖേരി അക്രമം ആസൂത്രിതമെന്നു പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയതിന് പിന്നാലെ പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തി. മുഖ്യ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തു.
കേസിലെ മറ്റ് 13 പ്രതികൾക്കെതിരേ പുതിയ വകുപ്പുകളും ചുമത്തിയതായാണ് റിപ്പോര്‍ട്ട്. നാലു കർഷകർ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ അക്രമം ഗൂഢാലോചന നടത്തി നടപ്പാക്കിയതാണെന്നാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറിയിച്ചത്. ആശിഷ് മിശ്ര ഉൾപ്പെടെ 13 പ്രതികൾക്കെതിരേ വധശ്രമം, കലാപം, മാരകായുധം ഉപയോഗിച്ചുള്ള കലാപം എന്നീ കുറ്റങ്ങൾ ചുമത്തണം. നേരത്തെ കുറ്റപത്രത്തിൽ പറഞ്ഞ ‘അശ്രദ്ധമായ ഡ്രൈവിംഗ്’ എന്ന കാരണം മാറ്റി എഴുതണമെന്നും പ്രത്യേക അന്വേഷണ സംഘത്തലവൻ വിദ്യാറാം ദിവാകർ മജിസ്ട്രേറ്റിനു നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു.
കൂടുതൽ ചോദ്യംചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ മൂന്നിനു ലഖിംപുർ ഖേരിയിലെ ഭൂൽഗഡിയിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നാലു കർഷകർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു മാധ്യമപ്രവർത്തകൻ അടക്കം മറ്റു നാലുപേരും കൊല്ലപ്പെട്ടു.
english summary; Lakhimpur Kheri massacre
you may also like this video;