Site iconSite icon Janayugom Online

ലഖിംപൂർ ഖേരി കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖിംപൂർ ഖേരി കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയും കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം നല്‍കിയത്. കേന്ദ്ര കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാറുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് നാല് പേരും ഈ കാറുകൾ കത്തിച്ചതിനെ തുടർന്ന് നാല് പേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസില്‍ മുഖ്യപ്രതിയെങ്കില്‍ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദർ ശുക്ലയും, മുൻ കോൺഗ്രസ് എംപി അഖിലേഷ് ദാസിൻറെ ബന്ധു അങ്കിത് ദാസും പ്രതിപ്പട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനൽ ഗൂഡാലോചനയടക്കം എന്നി ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികൾക്കുമെതിരെ കേസ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പതമായ സംഭവമുണ്ടായത്. അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്.

Eng­lish Summary:Lakhimpur Kheri; Union min­is­ter’s son Ashish Mishra released on bail
You may also like this video

Exit mobile version