Site iconSite icon Janayugom Online

ഭക്തലക്ഷങ്ങള്‍ മകരജ്യോതി കണ്ട് മലയിറങ്ങി

പൊന്നമ്പലമേട്ടില്‍ തെളിയിച്ച മകരജ്യോതിയും തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെയും ദര്‍ശിച്ച് ഭക്തലക്ഷങ്ങൾ ശബരിമലയിറങ്ങി. വൈകീട്ട് 6.44നാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിച്ചത്. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30ന് ശരംകുത്തിയിൽ ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ ബി മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. തിരുവാഭരണ പേടകം പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തിച്ചപ്പോൾ തന്ത്രി കണ്ഠര് ബ്രഹ്‌മദത്തൻ, മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ശ്രീകോവിലിൽ എത്തിച്ച ശേഷം ദീപാരാധനയ്ക്കായി നടയടച്ചു.

പന്തളം രാജാവ് പണിയിച്ച തിരുവാഭരണങ്ങൾ സന്ധ്യാദീപാരാധനയിൽ അയ്യപ്പനെ അണിയിച്ചു. പിന്നാലെ വിഗ്രഹത്തിൽ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന നടന്നു. ഈസമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിച്ചു. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമായിരുന്നു. 15 മുതല്‍ 17 വരെ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ തൊഴാം. 18ന് കളഭാഭിഷേകം. 19ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് ഉത്സവം സമാപിക്കും. 

Exit mobile version