Site iconSite icon Janayugom Online

ലക്കിടിയിൽ കോളേജ് വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; സുഹൃത്തിനെതിരെ വധക്കേസ്‌ ചുമത്തി

വയനാട് ലക്കിടിയിൽ കോളേജ് വിദ്യാർത്ഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്തിനെതിരെ വധക്കേസ്‌ ചുമത്തി.പൊലീസിന്റെയും ഫോറൻസിക്ക് സംഘത്തിന്റെയും നേതൃത്വത്തിൽ പ്രതിയുമായി സംഭവസ്ഥലത്ത്‌ തെളിവെടുപ്പ്‌ നടത്തി. ആക്രമിക്കാൻ ഉപയോഗിച്ച കത്തി പൊലീസ് വഴിയരികിൽ നിന്ന് കണ്ടെത്തി.

12 മണിയോടെയാണ് പ്രതി ദീപുവിനെയും സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിനേയും ലക്കിടിയിലെ റോഡരികിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുത്താൻ ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. 2018 മുതൽ ദീപുവും വിദ്യാർത്ഥിനിയും സൗഹൃദത്തിലായിരുന്നു .അടുത്തിടെ യുവാവ്‌ വിവാഹ അഭ്യർത്ഥന നടത്തി. എന്നാൽ സൗഹൃദം തുടരാനാണ്‌ ആഗ്രഹിക്കുന്നതെന്നും വിവാഹത്തിന്‌ താൽപര്യമില്ലെന്നും പെൺകുട്ടി പറഞ്ഞു.

ഇതോടെയാണ്‌ ആക്രമിക്കാൻ തീരുമാനിച്ചത് എന്ന് പ്രതി പൊലീസിന്‌ മൊഴി നൽകിയിട്ടുണ്ട്‌. പ്രതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിന്‌ സംഭവം ആസൂത്രണം ചെയ്തത്‌ അറിയാമായിരുന്നുവെന്നാണ്‌ പൊലീസ് കരുതുന്നത്‌.തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി. ആക്രമണത്തിൽ പരിക്കേറ്റ പുൽപ്പള്ളി സ്വദേശിനിയായ വിദ്യാർ‍ത്ഥിനിയുടെ മൊഴി ആശുപത്രിയിൽ എത്തി പൊലീസ് രേഖപ്പടുത്തിയിട്ടുണ്ട്‌.
Eng­lish summary;Lakkidi stabed case updates
you may also like this video;

Exit mobile version