Site iconSite icon Janayugom Online

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്; തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വേണമെന്ന് സുപ്രീം കോടതി

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. മുഹമ്മദ് ഫൈ­സലിന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയത്.
മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി വധശ്രമക്കേസില്‍ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ മേല്‍ക്കോടതിയില്‍ അപ്പീലടക്കം ഇരിക്കെ ധൃതിപ്പിടിച്ചാണ് കമ്മിഷന്‍ തീരുമാനമെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഫൈസലിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി തീരുമാനം. 

ഹൈക്കോടതി ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യം കണക്കിലെടുക്കാന്‍ ജസ്റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.

നിയമാനുസൃതമായി നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചു. വളരെ വേഗത്തിലുള്ള തീരുമാനമായിരുന്നു കമ്മിഷന്റേതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ നിരീക്ഷിച്ചു. ഹൈക്കോടതി തീരുമാനത്തോടെ ഫൈസലിന്റെ അയോഗ്യത നീങ്ങിയ സാഹചര്യമാണ്. അതിനാല്‍ കമ്മിഷന് തുടര്‍ വിജ്ഞാപനം തെരഞ്ഞെടുപ്പിനായി ഇറക്കാനാകില്ല.
ഇതിനിടെ ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തെളിവുകളും കണ്ടെത്തലുകളും കണക്കിലെടുക്കാതെയാണ് ഹൈക്കോടതി നടപടിയെന്ന് അപ്പീലില്‍ പറയുന്നു. കേസ് അപൂര്‍വവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്നും അപ്പീലില്‍ പറയുന്നു.

Eng­lish Sum­ma­ry: Lak­shad­weep by-elec­tion; The Supreme Court said that the deci­sion should be based on the judg­ment of the High Court

You may like this video also

Exit mobile version