Site icon Janayugom Online

ലക്ഷദ്വീപില്‍ കടലാക്രമണം രൂക്ഷം; നിരവധി കെട്ടിടങ്ങളില്‍ വെള്ളം കയറി

ഇന്നലെ മുതല്‍ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ ശക്തമായ കടലാക്രമണം തുടരുകയാണ്. ആന്ത്രോത്ത് ദ്വീപിലുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടുകളും ഓഫീസുകളും പള്ളിയും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളില്‍ വെള്ളം കയറി.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കന്‍ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കിഴക്കന്‍ ജെട്ടിയില്‍ ഉയര്‍ന്നുവന്ന കൂറ്റന്‍ തിരമാലകളുടെ ശക്തിയില്‍ മീറ്ററുകളോളം കടല്‍പ്പാറകളുടെ കൂറ്റന്‍ കഷ്ണങ്ങള്‍ കരയിലേക്ക് ഒലിച്ചുപോയി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കിഴക്കന്‍ ജെട്ടിയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ ഇത് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇതിന്റെ ഭാഗമായി അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തില്‍ ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴ പെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂലൈ 5 ‚6, 7 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Lak­shad­weep sea attack inten­si­fied; Many build­ings were flooded

You may also like this video;

Exit mobile version