മാസങ്ങളായി ലക്ഷദ്വീപുകാർ അനുഭവിക്കുന്ന യാത്രാദുരിതത്തിന് ചെറിയ ആശ്വാസമായി എംവി ലഗൂൺ എന്ന യാത്രാക്കപ്പൽ തിരിച്ചെത്തുന്നു. കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ജൂലൈ ഏഴിന് കൊച്ചി ലക്ഷദ്വീപ് പാതയിലെ സർവീസ് പുനരാരംഭിക്കുന്നത്. സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യത്തിന് യാത്രാസൗകര്യമില്ലാതെ ലക്ഷദ്വീപിലെ രോഗികൾ ഉൾപ്പെടെയുള്ളവർ നരകയാതനയാണ് അനുഭവിക്കുന്നതെന്നും മന്ത്രി കുറിച്ചു.
മാസങ്ങളായി കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിയിലുള്ള കപ്പൽ ചൊവ്വാഴ്ച ഡ്രൈഡോക്കിൽ നിന്ന് പുറത്തിറക്കി. ലക്ഷദ്വീപിലേക്ക് യാത്രാസർവീസ് നടത്തുന്ന അഞ്ചു കപ്പലുകളിൽ വലുതാണ് ലഗൂൺ. മറ്റു തുടർപരിശോധനകൾ കൂടി പൂർത്തിയായാൽ ജൂലൈ ഏഴിന് കപ്പൽ സർവീസ് പുനരാരംഭിക്കും. 700 പേർക്ക് സഞ്ചരിക്കാവുന്ന ഏറ്റവും വലിയ കപ്പലായ എംവി കവരത്തി തീപിടിത്തത്തെതുടർന്ന് അറ്റകുറ്റപ്പണികളിലാണ്. ഷിപ്പിങ് കോർപ്പറേഷൻ നടത്തുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. ഒരുമാസത്തിനകം എത്തിച്ച് സർവീസ് തുടങ്ങാനാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. മറ്റൊരു കപ്പലായ എംവി ലക്ഷദ്വീപ് സീയും അറ്റകുറ്റപ്പണികളിലാണ്. നിലവിൽ എംവി അറേബ്യൻ സീയും എംവി കോറലും മാത്രമാണ് ലക്ഷദ്വീപ് സർവീസിലുള്ളത്. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന 600 ടൺ വാഹകശേഷിയുള്ള എംവി ഉബൈദുള്ള, എംവി ലക്ഷദ്വീപ് എന്നീ ബാർജുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.
അഞ്ചു യാത്രാക്കപ്പലുകളിൽ മൂന്നും സർവീസിലില്ലാത്തതിനാൽ മാസങ്ങളായി ലക്ഷദ്വീപുകാർ കടുത്ത യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. പല ആവശ്യത്തിനും കേരളത്തിലേക്ക് വന്ന നൂറുകണക്കിനാളുകൾ ആഴ്ചകളോളം കൊച്ചിയിലും കോഴിക്കോടും കുടുങ്ങി. യാത്രാപ്രശ്നം അതിരൂക്ഷമായിട്ടും പകരം യാത്രാക്കപ്പലുകൾ ആവശ്യപ്പെടാൻ പോലും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തയാറായില്ല. ഇതിനെതിരെ ദ്വീപിലും കൊച്ചിയിലും എഐവൈഎഫ് ഉൾപ്പെടെ സംഘടനകൾ പ്രതിഷേധിച്ചു. ബിനോയ് വിശ്വം എംപി ഇക്കാര്യം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. ലക്ഷദ്വീപിലെ യാത്രാക്ലേശം ശാശ്വതമായി പരിഹരിക്കാന്‍ കേരള സർക്കാർ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പൊന്നാനി, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിൽ നിന്ന് ലക്ഷദ്വീപിലേക്ക് യാത്രാക്കപ്പൽ സർവീസ് ആരംഭിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
English Summary:Lakshadweep service: A ship returns after repairs
You may also like this video