ലക്ഷദ്വീപിലേക്കുള്ള കപ്പലുകളിലെ യാത്രാനിരക്കിൽ വൻ വർധന. ദ്വീപുകാർക്കും ദ്വീപിന് പുറത്തുനിന്നുള്ളവർക്കും നവംബർ 10 മുതലുള്ള യാത്രക്ക് കൂടിയ യാത്രാ നിരക്ക് ബാധകമാവും. കപ്പൽ സർവീസുകളുടെ നടത്തിപ്പ് ചെലവ് വർധിച്ചതാണ് നിരക്ക് കൂട്ടിയതിന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.
തലസ്ഥാനമായ കവരത്തിയിലേക്ക് കൊച്ചിയിൽ നിന്നുള്ള ബങ്ക് ക്ലാസ് ടിക്കറ്റിന് 220 രൂപയുണ്ടായിരുന്നത് 330 ആക്കി വർധിപ്പിച്ചു. ഇതേ യാത്രക്ക് ഫസ്റ്റ് ക്ലാസ് കാബിന് 3510 രൂപയും സെക്കന്റ് ക്ലാസ്സ് ടിക്കറ്റിന് 1300 രൂപയും ഇനി മുതൽ ലക്ഷദ്വീപുകാർ നൽകണം. വിഐപി കാബിന് 6110 രൂപയാണ് നിരക്ക്. കോഴിക്കോട് ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് 230 രൂപയാണ് പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കൻഡ് ക്ലാസ്720, ഫസ്റ്റ് ക്ലാസ്1910 എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ. മംഗളൂർകവരത്തി ബങ്ക് ക്ലാസിന് 240 രൂപയും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസുകൾ യഥാക്രമം 2240, 840 രൂപയും നൽകണം. ലക്ഷദ്വീപുകാർക്ക് പുറമെ ഇവിടെ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും ഈ നിരക്കായിരിക്കും ബാധകമാവുക.
അതേസമയം ലക്ഷദ്വീപിൽ പുറത്തുനിന്നുള്ളവരുടെ ടിക്കറ്റിൽ ഇരട്ടിയിലേറെ വർധനവുണ്ട്. കൊച്ചിയിൽ നിന്ന് കവരത്തിയിലേക്കുള്ള ബങ്ക് ക്ലാസ് നിരക്ക് 500ൽ നിന്ന് 1500 ആക്കി ഉയർത്തി. സെക്കൻഡ് ക്ലാസിന് 3810 രൂപയും ഫസ്റ്റ് ക്ലാസിന് 5820 രൂപയുമായി. 10, 610 രൂപയാണ് വിഐപി കാബിൻ നിരക്ക്. നിലവിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനടിക്കറ്റിന് 5845 രൂപയാണ് നിരക്ക്. ദ്വീപുകാരല്ലാത്തവർക്ക് കോഴിക്കോട് ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് 900 രൂപയാണ് പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കൻഡ് ക്ലാസ്2070, ഫസ്റ്റ് ക്ലാസ്3170. മംഗളൂർകവരത്തി ബങ്ക് ക്ലാസിന് 990 രൂപയും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് യഥാക്രമം 3710, 2430 രൂപയുമാണ് നിരക്ക്.
english summary;Lakshadweep ship fares rise sharply
you may also like this video;