സാധാരണയിൽ നിന്ന് വ്യത്യസ്തമായ കഥയുമായാണ് കേരള സാഹിത്യ അക്കാദമിയിലെ കനകാംബരം വേദിയിൽ നടന്ന ഓട്ടൻ തുള്ളലിൽ ലക്ഷ്മി നന്ദന ചുവട് വെച്ചത്. മഹാഭാരതത്തെ അടിസ്ഥാനമാക്കി 1883 ൽ കുന്നത്ത് ശങ്കരൻ പോറ്റി രചിച്ച സുന്ദരീ സ്വയംവരം ആട്ടക്കഥയിൽനിന്ന് കലാമണ്ഡലം നയനൻ ചിട്ടപ്പെടുത്തിയ ഭാഗങ്ങൾക്ക് പ്രിയ ശിഷ്യ മലപ്പുറം എടരിക്കോട് പി കെ എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥി ലക്ഷ്മി നന്ദന ചുവടു വെക്കുകയായിരുന്നു. ഓരോ ചുവടിനൊപ്പവും നിറഞ്ഞ സദസും ലയിച്ചു ചേർന്നു.
കൃഷ്ണപുത്രിയായ സുന്ദരിയും അഭിമന്യുവും തമ്മിലുള്ള വിവാഹം അവതരിപ്പിക്കുമ്പോൾ ശൃംഗാരം, കരുണം, വീരം, ഹാസ്യം, ബീഭത്സം, അത്ഭുതം തുടങ്ങിയ നവരസങ്ങൾ ലക്ഷ്മി നന്ദനയുടെ മുഖത്ത് മാറുന്നത് സദസിലെ ഓരോ മുഖങ്ങളിലും കാണാമായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് സദസ് ലക്ഷ്മിയുടെ സുന്ദരീ സ്വയംവരത്തെ സ്വീകരിച്ചത്. തുടർച്ചയായി നാല് തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന ലക്ഷ്മി നന്ദനയുടെ അവസാനത്തെ സ്കൂൾ കലോത്സവ വേദികൂടിയായിരുന്നു തൃശൂരിലേത്. പ്ലസ് ടു പഠനം പൂർത്തിയായാലും നൃത്തം ജീവനായി കൂടെയുണ്ടാകുമെന്ന് ലക്ഷ്മി നന്ദന ജനയുഗത്തോട് പറഞ്ഞു.
‘സുന്ദരീ സ്വയംവരം’ നിറഞ്ഞാടി ലക്ഷ്മി നന്ദന

