Site iconSite icon Janayugom Online

ഭൂമി അഴിമതി കേസ്; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

സര്‍ക്കാര്‍ ഭൂമി അനധികൃതമായി അനുവദിച്ച കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം കഠിന തടവ്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു കോടതിയാണ് 2011ൽ രജിസ്റ്റർ ചെയ്ത സർക്കാർ ഭൂമി അനധികൃതമായി സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിൽ മുൻ ഐഎഎസ് ഓഫീസർ പ്രദീപ് ശർമ്മയ്ക്ക് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്കും ഇതേ ശിക്ഷയാണ് വിധിച്ചത്.

2003നും 2006നും ഇടയില്‍ ശര്‍മ്മ ജില്ലാ ഭൂമി വിലനിര്‍ണയ കമ്മിറ്റി അധ്യക്ഷനായിരുന്ന കാലഘട്ടത്തിലാണ് കേസ്. അഞ്ജാര്‍ താലൂക്കിലെ വര്‍ഷ്‌മേദ ഗ്രാമത്തിലെ നിരവധി സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്കും അവരുടെ മറ്റ് ഉപകമ്പനികള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അദ്ദേഹം നല്‍കിയെന്നും സർക്കാർ ഖജനാവിന് വലിയ നഷ്ടം വരുത്തിയെന്നുമാണ് ആരോപണം. ഇത് കൂടാതെ പ്രതികള്‍ 1.20 കോടിയോളം രൂപ അനധികൃത ഭൂമി കൈമാറ്റത്തിലൂടെ സ്വന്തമാക്കിയെന്നും ഇ ഡി കണ്ടെത്തിയിരുന്നു. രാജ്‌കോട്ട് സോൺ പൊലീസ് സ്റ്റേഷനിൽ 2011ലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രദീപ് ശർമ്മയെ 2011 മാർച്ച് 4ന് അറസ്റ്റ് ചെയ്തിരുന്നു. വിചാരണസമയത്ത് അനുഭവിച്ച തടവ് കാലം ശിക്ഷയില്‍ നിന്ന് കുറയ്ക്കുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ച് കമ്പനിക്ക് അനധികൃത സഹായം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം .

Exit mobile version