Site iconSite icon Janayugom Online

ഭൂമിതട്ടിപ്പ് കേസ്; ഷേഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

sheik hasinasheik hasina

ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മകള്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്പെഷ്യൽ ജഡ്ജി സാക്കിർ ഹൊസൈൻ ഗാലിബ് അഴിമതി വിരുദ്ധ കമ്മിഷന്‍ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചു. പ്രതികള്‍ ഒളിവിലാണെന്ന് പരിഗണിച്ചാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള പുർബച്ചൽ പ്രദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള രാജധാനി ഉനിയൻ കർതൃപഖ പാട്ടത്തിന് നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തുടര്‍വാദം മേയ് നാലിന് കേള്‍ക്കും.

17 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിട്ടുണ്ട്. സൈമ വാജെദ് പുട്ടുല്‍ അന്നത്തെ പ്രധാനമന്ത്രിയും മാതാവുമായ ഹസീനയെ സ്വാധീനിച്ച് പാട്ടത്തിനു നല്‍കിയ ഭൂമി കെെവശപ്പെടുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഡയറക്ടറാണ് സൈമ വാജെദ്. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം, നിർബന്ധിത തിരോധാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഹസീനയ്ക്കും അവാമി ലീഗ് നേതാക്കള്‍ക്കും മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർക്കുമെതിരെ സമാനമായ രണ്ട് അറസ്റ്റ് വാറണ്ടുകൾ നേരത്തെ പുറപ്പെടുവിച്ചിരുന്നു. അതേസമയം, മുജീബ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഹസീനയും ഇളയ സഹോദരി ഷേഖ് റഹാനയും ചേര്‍ന്ന് 4,000 കോടി ടാക്ക തിരിമറി നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായും അഴിമതി വിരുദ്ധ കമ്മിഷന്‍ അറിയിച്ചു. 

Exit mobile version