Site icon Janayugom Online

തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കും: കൃഷിമന്ത്രി പി പ്രസാദ്

തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി പ്രസാദ്. കൈപ്പാട് പ്രദേശത്തിന് അനുയോജ്യമായ നെല്ലിനങ്ങള്‍ വികസിപ്പിക്കുകയും കൈപ്പാട് അരിക്ക് ഭൗമസൂചികാ പദവി ലഭ്യമാക്കുകയും ചെയ്‌തെങ്കിലും 30 മുതല്‍ 40 ശതമാനം വരെ മാത്രമേ കൃഷി നടക്കുന്നുള്ളുവെന്നും ഈ സാഹചര്യത്തില്‍ കൈപ്പാട് കൃഷി വിപുലമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പി പ്രസാദ് പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൈപ്പാട് ഏജന്‍സി ഗവേണിങ്ങ് ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൈപ്പാട് മേഖലയില്‍ നടത്തുന്ന പഠനങ്ങള്‍ കേവലം അക്കാദമിക് മാത്രമാകരുതെന്നും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും വിധം പ്രായോഗിക സാധ്യതകള്‍ ഉള്ളതാവണമെന്നും മന്ത്രി പറഞ്ഞു. ഉത്തരകേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയോരങ്ങളിലാണ് കൈപ്പാട് സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, പിലിക്കോട്, ‚പടന്ന, വലിയപറമ്പ, നീലേശ്വരം, പള്ളിക്കര, ഉദുമ, പുല്ലൂര്‍പെരിയ, കാഞ്ഞങ്ങാട്, അജാനൂര്‍, കാസര്‍കോട്, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, മഞ്ചേശ്വരം എന്നീ 16 തദ്ദേശ സ്ഥാപനങ്ങളിലായി 485 ഹെക്ടര്‍ സ്ഥലമുള്‍പ്പെടെ സംസ്ഥാനത്ത് ആകെ 3840 ഹെക്ടര്‍ ഭൂമിയില്‍ കൈപ്പാട് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെ കൈപ്പാട് സംരക്ഷണത്തിനും വികസനത്തിനുമായി പദ്ധതികള്‍ തയ്യാറാക്കുന്നതിന് ത്രിതല പഞ്ചായത്ത് സമിതികളില്‍ കൈപ്പാട് സൊസൈറ്റി ഭാരവാഹികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ കൈപ്പാട് ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫ.ഡോ. ടി വനജ പ്രവര്‍ത്തന റിപ്പോര്‍ട്ടും രൂപരേഖയും അവതരിപ്പിച്ചു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കല്യാശ്ശേരി നിയോജക മണ്ഡലം എംഎല്‍എ എം വിജിന്‍, എംഎല്‍എമാരായ എം രാജഗോപാലന്‍ എ കെ എം അഷ്‌റഫ് , കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശോഭ, അഡീഷണല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍, കൃഷി അഡിഷണല്‍ സെക്രട്ടറി ഡയറക്ടര്‍മാരായ ജോര്‍ജ് അലക്‌സാണ്ടര്‍, എസ് സുഷമ, ജോയിന്റ് ഡയറക്ടര്‍ വാട്ടര്‍ മാനേജ്‌മെന്റ് ആര്‍ സുനില്‍കുമാര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ വി നാരായണന്‍, അഡീഷണല്‍ ഡയറക്ടര്‍, ഫിഷറീസ് ചീഫ് ടെക്‌നിക്കല്‍ അഡ്വൈസര്‍ ഡോ ദിനേശ് ചെറുവാട്ടില്‍, കണ്ണൂര്‍ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ഇ കെ അജിമോള്‍, കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വീണാ റാണി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish sum­ma­ry; lands to be made cul­tivable: Agri­cul­ture Min­is­ter P Prasad

you may also like this video;

Exit mobile version