Site iconSite icon Janayugom Online

മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടി

പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ സമാനമായ രീതിയിൽ കുണ്ടളയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നാർ വീണ്ടും നടുങ്ങി. കുണ്ടള ഡാമിനടുത്ത് പുതുക്കുടി എസ്റ്റേറ്റിലാണ് വെള്ളിയാഴ്ച അർധരാത്രിയോടെ ഉരുൾ പൊട്ടിയത്. ഉയരത്തിൽ നിന്നും ഉത്ഭവിച്ച ഉരുൾപൊട്ടലിൽ ആളപായം ഉണ്ടാകാതിരുന്നത് ആശ്വാസമായി. രണ്ട് കടമുറിയും ക്ഷേത്രവും 45,000 ലിറ്ററിന്റെ വാട്ടർ ടാങ്കും മണ്ണിനടിയിലായി. എസ്റ്റേറ്റിലെ ലയത്തിൽ നിന്നും 450 പേരെ മാറ്റിപ്പാർപ്പിച്ചു. 

മലവെള്ളപ്പാച്ചിലിൽ ഇരച്ചെത്തിയ മണ്ണും കല്ലുമെല്ലാം വന്നടിഞ്ഞ് മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിലെ ഗതാഗതം തടസപ്പെട്ടു. ഇതോടെ വട്ടവട, കോവിലൂർ, ടോപ്പ്സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ ഒറ്റപ്പെട്ടു. കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിൽ അപകടം നടന്ന സ്ഥലത്തിനു സമീപം നിരവധി വീടുകളാണ് ഉണ്ടായിരുന്നത്. ഇവിടെ താമസിച്ചിരുന്നവരെ രാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്നാറിൽ നിന്നും വട്ടവടയിലേക്ക് പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവർ ആണ് അപകടം ആദ്യം കണ്ടത്. വാഹനത്തിൽ നിന്നും ഇറങ്ങി അടുത്തുള്ള വീടുകളിൽ താമസിച്ചിരുന്നവരെ വിവരമറിയിച്ചതോടെ ജനങ്ങള്‍ അവിടെനിന്നും മാറുകയായിരുന്നു. 

മൂന്നാറിൽ നിന്നും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. കെഡി എച്ച്പി കമ്പനിയുടെ നേതൃത്വത്തിലായിരുന്നു വീടുകളിൽ താമസിച്ചിരുന്ന തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, അഡ്വ. എ രാജാ എംഎൽഎ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. 

Eng­lish Summary:Landslide again in Munnar
You may also like this video

Exit mobile version