Site icon Janayugom Online

ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചില്‍; 11 മരണം, 30ഓളം പേരെ കാണാതായി

ഹിമാചല്‍ പ്രദേശിലെ കിന്നൗറിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 11 മരണം. 30ഓളം പേരെ കാണാതായി. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്.
റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ നുഗുല്‍സാരിയില്‍ ഇന്നലെ ഉച്ചക്ക് 12.45ഓടെയാണ് ദുരന്തം. ഹരിദ്വാറിലേക്ക് പോകുകയായിരുന്ന ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. രക്ഷപ്പെടുത്തിയ 14 പേരെ ആശുപത്രിയിലേക്കു മാറ്റി. ഉയര്‍ന്നു നില്‍ക്കുന്ന മലഞ്ചെരുവിലൂടെയുള്ള റോഡിലേക്ക് ഉയരത്തില്‍ നിന്നും മണ്ണുംപാറയും ഇടിഞ്ഞ് വീഴുകയായിരുന്നു.

ഏതാനും വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നിമാറി താഴെ ഒഴുകുന്ന സത്‌ലജ് നദിയില്‍ വീണതായും കരുതപ്പെടുന്നു.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസിനുപുറമെ ഒരു ട്രക്ക്, നാല് കാറുകള്‍ എന്നിവ അപകടത്തില്‍പ്പെട്ടതായാണ് സൂചന. കിന്നൗര്‍ ഹരിദ്വാര്‍ ദേശീയപാത ഒറ്റപ്പെട്ട നിലയിലാണ്. തുടര്‍ച്ചയായ മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. അപകടവിവരം അറിഞ്ഞിട്ടും ഒന്നര മണിക്കൂര്‍ വൈകിയാണ് ഐടിബിപി സംഘത്തിന് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. 

രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയതായി മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും ഒരാഴ്ചയായി ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കിന്നൗറില്‍ പാറയിടിഞ്ഞു വീണ് ഒമ്പത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. 

ENGLISH SUMMARY:Landslide in Himachal Pradesh; 11 dead, 30 missing
You may also like this video

Exit mobile version