ഷിംല: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. അഞ്ച് വീടുകൾ തകർന്നു. സിർമൗർ ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. സംസ്ഥാനത്ത് വിവിധ ഭാഗങ്ങിൽ മേഘവിസ്ഫോടനവും പ്രളയവും ഉണ്ടായി. ഇന്ന് നാലിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
ഷിംല, സിർമൗർ, കിനൗർ, അഘാര എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധി റോഡുകൾ തകർന്നു. അഘാരയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴുപേരെ കാണാതായി. ജമ്മു കാശ്മീരിൽ നിന്നെത്തിയ തൊഴിലാളികളാണ് കാണാതായ ഏഴ് പേരും. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 200 മീറ്ററോളം മണ്ണിടിച്ചിൽ ഉണ്ടായതായാണ് റിപ്പോർട്ട്. പ്രദേശത്തെ വീടുകൾക്ക് അപകട സാധ്യതയുണ്ടെന്നാണ് സൂചന. വിവരം ലഭിച്ചതിനെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

