Site iconSite icon Janayugom Online

ജമ്മു കശ്മീരില്‍ മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു, ആറ് പേർക്ക് പരിക്ക്

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലില്‍ ഒരു പൊലീസുകാരനടക്കം നാല് പേര്‍ മരിച്ചു. കിഷ്ത്വാര്‍ ജില്ലയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിര്‍മാണം നടക്കുന്ന റാറ്റില്‍ ജല വൈദ്യുത പദ്ധതിയുടെ പ്ലോട്ടിനരികെയാണ് മണ്ണിടിച്ചിലുണ്ടായത്‌. പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ നാട്ടുകാര്‍ ഓടിക്കൂടിയ സമയത്ത് മറ്റൊരു മണ്ണിടിച്ചിലുണ്ടായതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

ലിങ്ക് റോഡിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പട്ടവരിൽ കൂടുതൽ. വലിയ പാറകള്‍ ഉരുണ്ടു വീഴുകയും തൊഴിലാളികള്‍ അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നുവെന്ന് കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവ്‌നാശ് യാദവ് പിടിഐയോട് പറഞ്ഞു. ഒരു അസിസ്റ്റന്റ് എസ്ഐയും ജെസിബി ഓപ്പറേറ്ററുമടക്കം നാല് പേരാണ് മരിച്ചത്. മനോജ് കുമാര്‍ എന്ന ജെസിബി ഓപ്പറേറ്ററാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവരെ ദോദയിലെ മെഡിക്കല്‍ കോളജിലേക്കും രണ്ട് പേരെ താത്രി ആശുപത്രിയിലേക്കും ഒരാളെ ജമ്മുവിലേക്കും ചികിത്സയ്ക്കായി മാറ്റി. കുടുങ്ങിപ്പോയവരെ രക്ഷപെടുത്താന്‍ വേണ്ട നടപടികളൊക്കെ കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ട്വിറ്ററില്‍ കുറിച്ചു. ജില്ലാ ഭരണകൂടവുമായി താന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം അറിയിച്ചു.

Eng­lish Summary:Landslides in Jam­mu and Kash­mir; Four peo­ple died and six were injured
You may also like this video

Exit mobile version