സിക്കിമിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി പൊലീസ്. പ്രദേശത്ത് മണ്ണിടിച്ചിലിനു ശേഷം കനത്ത മഴയുമുണ്ടായിട്ടുണ്ട്. ചുങ്‌താങ്ങിൽ ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും യാത്രക്കാർ അവിടെയുള്ള ഒരു ഗുരുദ്വാരയിൽ താമസിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്.
ലാച്ചെൻ‑ചുങ്താങ് റോഡിലെ മുൻഷിതാങ്ങിലും ലാച്ചുങ്-ചുങ്താങ് റോഡിലെ ലെമ/ബോബി എന്നിവിടങ്ങളിലാണ് വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയും വടക്കൻ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം ടൂർ ഓപ്പറേറ്റർമാരോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 25 ന് ഈ മേഖല സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് നൽകിയിരുന്ന എല്ലാ പെർമിറ്റുകളും അധികൃതർ റദ്ദാക്കി. ലാച്ചുങ്ങിലേക്കും ലാച്ചെനിലേക്കും ഉള്ള ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

