Site iconSite icon Janayugom Online

ദേശീയ പാതയില്‍ പള്ളിവാസലിലും മണ്ണിടിച്ചില്‍

അടിമാലിക്ക് പിന്നാലെ ദേശിയപാത 85ല്‍ പള്ളിവാസല്‍ മൂലക്കടക്ക് സമീപവും മണ്ണിടിച്ചില്‍. ദേശിയപാതയുടെ നവീകരണ ജോലികളുടെ ഭാഗമായി ഇവിടെ ഒരു ഭാഗത്ത് മണ്ണ് നീക്കുകയും മറുഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് വീതി വര്‍ധിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഇവിടെയാണ് ഇന്നലെ രാത്രി മണ്ണിടിഞ്ഞത്. ദേശിയപാതയുടെ ഒരു ഭാഗം തന്നെ ഇടിഞ്ഞ് പോയ നിലയിലാണ്. 

നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തിയും തകര്‍ന്നു. നിര്‍മ്മാണ തൊഴിലാളികളടക്കം ആളുകളും വാഹനങ്ങളും സംഭവ സമയത്ത് പ്രദേശത്തില്ലാതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി. ആള്‍വാസമുള്ളിടത്തേക്കല്ല മണ്ണിടിഞ്ഞെത്തിയത് എന്നതും ആശ്വാസമായി. പ്രദേശത്ത് പക്ഷെ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുകയാണ്. ശക്തമായ മഴ പെയ്യുകയും ഭാരവാഹനങ്ങള്‍ നിരന്തരം കടന്നു പോകുകയും ചെയ്താല്‍ ഇപ്പോള്‍ ഇടിഞ്ഞിട്ടുള്ള ഭാഗത്ത് നിന്നും കൂടുതല്‍ മണ്ണിടിഞ്ഞ് റോഡ് കൂടുതല്‍ അപകടാവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. 

നിലവില്‍ ഇതുവഴി ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിട്ടുണ്ട്. പാതയോരം ഇനിയും ഇടിഞ്ഞാല്‍ ഇതുവഴിയുള്ള ഗതാഗതം പ്രതിസന്ധിയിലാകും. ആ നിലയിലേക്ക് കാര്യങ്ങള്‍ പോയാല്‍ മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിക്കുന്ന സ്ഥിതിയുമുണ്ടാകും. നാളുകള്‍ക്ക് മുമ്പ് കരടിപ്പാറ ഭാഗത്ത് മണ്ണിടിഞ്ഞ് സമാന സാഹചര്യം രൂപം കൊണ്ടിരുന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് ഇതുവഴിയുള്ള ഗതാഗതം പഴയപടിയാക്കാന്‍ സാധിച്ചത്. 

Exit mobile version