Site iconSite icon Janayugom Online

‘ഭാഷ’യും ‘മഅരണപ്പാച്ചിലും’; നാടക പ്രേമികൾ ഞെട്ടിയ പ്രകടനം

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ പ്രമേയ വൈവിധ്യവും അവതരണ മേന്മയും കൊണ്ട് കാണികളെ കയ്യിലെടുത്ത് ‘ഭാഷ’യും ‘മഅരണപാച്ചി‘ലും. രംഗ സംവിധാനം കൊണ്ട് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കിയ രണ്ട് നാടകങ്ങളം കൈകാര്യം ചെയ്ത ആശയം ഏറെ ശക്തമായിരുന്നു.
കോഴിക്കോട് മേമുണ്ട എച്ച്എസ്എസ് ആണ് ഭാഷ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള നല്ല മനുഷ്യരുടെ ഭാഷയ്ക്ക് കുട്ടികളുടെ മനസാണ്. നിഷ്കളങ്കമായി സംസാരിച്ചാൽ, ദുരിതമനുഭവിക്കുന്നവന്റെ ഭാഷയ്ക്ക് പരിഭാഷയുടെ ആവശ്യം പോലുമില്ലെന്ന് നാടകം പറയുന്നു. പിറന്ന നാടുവിട്ട് പലായനം ചെയ്യപ്പെടുന്ന മനുഷ്യരുടെ മനസ് പോലെ ഭയപ്പെടുന്നതും ഒറ്റപ്പെടുന്നതുമായ ഒന്നും ഈ ഉലകത്തിലില്ല.
സിറിയയിൽ നിന്ന് യൂറോപ്പിലേക്കുള്ള പാലയാനത്തിനിടയിൽ മുങ്ങി മരിച്ച, ചുവന്ന ടീഷർട്ടും നീല ടൗസറുമിട്ട് കടലോരത്ത് കമിഴ്ന്ന് കിടന്ന ഐലൻ കുർദി എന്ന കുഞ്ഞിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് നാടകത്തിലൂടെ പങ്കുവയ്ക്കുന്നത്. വേട്ടയാടപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്യുന്ന അഭയാർത്ഥികളുടെ ചിത്രങ്ങൾ വർത്തമാനകാലത്തെ നിശ്ചലമാക്കുമ്പോൾ, നാടകത്തിന്റെ പ്രമേയം ഏറെ ശ്രദ്ധേയമാകുന്നു. കടലോരത്ത് വന്നടിയുന്ന ഭാഷയറിയാത്ത കുട്ടിയുമായി മറ്റ് കുട്ടികൾ വേഗത്തിൽ ചങ്ങാത്തത്തിലാവുകയും അവനെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നാടകം അതിന്റെ രാഷ്ട്രീയം ഭംഗിയായി പറഞ്ഞുവയ്ക്കുന്നുണ്ട്.
ഒന്നിനൊന്ന് മികച്ച നടൻമാരെ കൊണ്ട് സമ്പന്നമാണ് നാടകം. അഭയാർത്ഥി ബാലനെ അവതരിപ്പിച്ച ഇഷാന്റെ പകർന്നാട്ടം ഉള്ളിൽത്തട്ടുന്നുണ്ട്. ജിനോ ജോസഫ് എന്ന സംവിധായകന്റെ മികവിലാണ് ഭാഷ ജനിക്കുന്നത്. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പേരില്ലാത്ത കുട്ടികൾ സ്നേഹത്തിന്റെ ഭാഷ സംസാരിക്കട്ടെ എന്ന് സംവിധായകർ പറയുന്നു. സ്കൂൾ കലോത്സവവേദിയിൽ സ്ഥിരമായി പങ്കെടുക്കുന്ന മേമുണ്ട എച്ച്എസ്എസ് എന്നും പ്രമേയങ്ങളുടെ വ്യത്യസ്തതകൊണ്ട് ആരാധകരുടെ ഇഷ്ടം സമ്പാദിച്ചാണ് മടങ്ങുന്നത്. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല.
കാസർകോട്, ഇരിയണ്ണി ജിവിഎച്ച്എസിന്റെ ‘മഅരണപാച്ചിൽ’ പേരിന്റെ വ്യത്യസ്തത കൊണ്ട് തന്നെ വേറിട്ട് നിൽക്കുന്നുണ്ട്. ഇന്നും നമുക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്ന പല വിശ്വാസങ്ങളും പൊള്ളയും പൊളിയുമാണെന്നാണ് ഇരയണ്ണിയിലെ കുട്ടികൾ പറയുന്നത്. അരണകടിച്ചാൽ കൊടുംവിഷം എന്ന പഴമൊഴി ഇന്നും സത്യമാണെന്ന് കരുതുന്നവർ ഇവിടെ ജീവിക്കുന്നു. എന്നാൽ അരണ കടിച്ചാൽ ഇക്കിളിപ്പെടുത്തലാണെന്ന് പറഞ്ഞ് അന്ധവിശ്വാസികളെ നൈസ് ആയിട്ട് ട്രോളിയാണ് മഅരണപാച്ചിൽ വേദി വിടുന്നത്.
വേദിയിൽ തയ്യാറാക്കിയ സജ്ജീകരണങ്ങളിലൂടെ ചാടിയും മറിഞ്ഞും തിരിഞ്ഞും തെറിച്ചുമാണ് കുട്ടികൾ അരമണിക്കൂർ തകർത്താടിയത്. അരണയായി വേഷമിട്ട അഭിനന്ദിന്റെ മെയ്‌വഴക്കം കാണികളെ അമ്പരിപ്പിച്ചു. ഈ ചാട്ടം മറിച്ചിലുകൾക്കിടയിൽ കാലിലുണ്ടായ മുറിവ് പോലും ഈ കൊച്ചുമിടുക്കൻ ശ്രദ്ധിച്ചില്ല. നാടകം അവസാനിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർ അഭിനന്ദുമായി നേരെ മെഡിക്കൽ സംഘത്തിന്റെ സഹായം തേടുകയും ചെയ്തു.

മഅരണപാച്ചിൽ അവതരിപ്പിച്ച ഇരിയണ്ണി ജിവിഎച്ച്എസ് ടീം

Exit mobile version