Site icon Janayugom Online

ഭാഷയും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും

ലയാളം പഠിക്കാതെ കേരളത്തിൽ സ്കൂൾ  വിദ്യാഭാസം ചെയ്യാൻ സാധിക്കുമായിരിക്കും. എന്നാൽ ഫിന്നിഷ് ഭാഷ പഠിക്കാതെ ഫിൻലണ്ടിലെ സ്കൂളിൽ പഠിക്കാൻ സാധ്യമല്ല. അപ്പർ സെക്കണ്ടറി (പത്തു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ)  എത്തുന്നത് വരെ ഫിന്നിഷ് ഭാഷാപഠനം ഒഴിവാക്കാൻ കഴിയില്ല. ഫിന്നിഷ് മാതൃഭാഷ അല്ലാത്തവർ ഏറ്റവും  കുറഞ്ഞത് സെക്കന്റ് ലാംഗ്വേജ് ആയിട്ടെങ്കിലും പഠിക്കണം. ഏതു നാട്ടിലായാലും  പ്രാദേശിക ഭാഷ പഠിക്കുക എന്നത് അത്യാവശ്യം തന്നെ എന്നതിൽ തർക്കമൊന്നുമില്ല.  ഫിൻലണ്ടിലേക്കു കുടിയേറി വരുന്നവർക്ക് സ്കൂളിൽ  പ്രാദേശിക ഭാഷ പഠിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നതു  സമൂഹത്തിലേക്ക് ഉദ്ഗ്രഥനം  എളുപ്പമാക്കുക എന്ന ഉദ്ദേശ്യം  കൂടിയുള്ളത് കൊണ്ടാണ്. നാട്ടുകാരോട് ഇടപഴകാൻ എന്ന് മാത്രമല്ല പല മേഖലകളിലും ജോലി ചെയ്യാനും ഫിന്നിഷ് ഭാഷ അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ് എന്നത് കൊണ്ട് പ്രത്യേകിച്ചും.

എന്നാൽ ഇതൊരു പ്രശ്നമാകുന്ന അവസരങ്ങൾ ഉണ്ട്. ഏഴാം ക്ലാസ്സിലോ എട്ടാം ക്ലസ്സിലോ പഠിക്കുന്ന ഒരു വിദ്യാർത്ഥി മറ്റൊരു രാജ്യത്തിൽ നിന്ന് ഫിൻലണ്ടിലേക്കു വരികയും ഇവിടെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനം ലഭിച്ചുവെന്നും കരുതുക. അപ്പോൾ മുതൽ ഫിന്നിഷ് ഒരു രണ്ടാം ഭാഷയായി പഠിക്കണം. ഫിന്നിഷ് ഭാഷയ്ക്ക് പകരം ഇംഗ്ലീഷോ  മറ്റേതെങ്കിലും  ഭാഷയോ  പഠിക്കാൻ ഇവിടത്തെ സമ്പ്രദായം അനുവദിക്കില്ല.  ഒമ്പതാം ക്ലാസ്സിലെ അവസാന സ്‌കോറിൽ  ഈ വിഷയത്തിന്റെ മാർക്കു കൂടെ ഉൾപ്പെടുത്തിയാണ് ഹൈസ്കൂളിലെ പ്രവേശനം നിർണയിക്കുക. ഹൈസ്കൂൾ പ്രവേശനത്തിന് കടുത്ത മത്സരമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ലോകഭാഷകളുടെ കൂട്ടത്തിൽ ആണ് ഫിന്നിഷ് ഭാഷയുടെ സ്ഥാനം എന്നും കൂടെ ഇതിനോട് ചേർത്ത് വായിക്കുമ്പോഴാണ് ചിത്രം പൂർണമാവുന്നത്‌. ഫിൻലണ്ടിലേക്കു ചേക്കേറിയ ശേഷം  ഫിന്നിഷ് വിഷയത്തിൽ മാത്രം മാർക്ക് കുറഞ്ഞത്  കൊണ്ട് ഹൈസ്കൂൾ പ്രവേശനം ലഭിക്കാതിരിക്കുകയും ആഗ്രഹിച്ച രീതിയിൽ  പഠനം മുന്നോട്ടു കൊണ്ട് പോവാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന  വിദ്യാർത്ഥികൾ ഉണ്ട്.

 


ഭാഗം രണ്ട്: എല്ലു മുറിയെ പണിതാൽ


 

ഇത്  ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിഷൻ കിട്ടിയാലുള്ള സ്ഥിതിയാണ്. ഇനി, ഒരു  വിദ്യാർത്ഥി അന്യനാട്ടിൽ നിന്ന്  ഫിൻലണ്ടിൽ  വന്നാൽ  ഇംഗ്ലീഷ് അല്ലെങ്കിൽ  മറ്റു യൂറോപ്യൻ ഭാഷ മീഡിയം സ്കൂളിലേക്ക്  പ്രവേശനം കിട്ടിയില്ലെങ്കിൽ ഫിന്നിഷ് മീഡിയം സ്കൂളിൽ ചേരുക എന്നതല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല. ഏതു ഉയർന്ന ക്ലാസ്സിലേക്കായാലും ഇതാണ് സ്ഥിതി. ഫിന്നിഷ് അറിയാത്തവർക്ക് കൂടുതൽ സഹായമൊക്കെ ലഭിക്കുന്നതാണ്. എന്നിരുന്നാലും ചെറിയ കാലയളവിലേക്ക് മാതാപിതാക്കളുടെ ജോലിയുടെ ഭാഗമായോ മറ്റോ ഫിൻലണ്ടിൽ താമസത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് ചെറുതല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

മൂവായിരത്തിലധികം സ്കൂളുകൾ ഉള്ള ഫിൻലണ്ടിൽ ഇരുപത്തിനോടടുത്ത്‌ മാത്രമേ ഇംഗ്ലീഷ്  അല്ലെങ്കിൽ മറ്റു യൂറോപ്യൻ ഭാഷകൾ അദ്ധ്യയനഭാഷയായുള്ള  സ്കൂളുകൾ ഉള്ളൂ. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇംഗ്ലീഷ് വിദ്യാഭാസത്തിനുള്ള ആവശ്യം പലമടങ്ങു വർധിച്ചിട്ടുണ്ട്. തൊഴിൽ ആവശ്യങ്ങൾക്കായി ഫിൻലണ്ടിലേക്കു  കുടിയേറുന്നവരുടെ എണ്ണം ക്രമത്തിൽ വർധിച്ചിട്ടുണ്ട്. തദ്ദേശീയരുടെ ഇടയിലും  പുതിയ തലമുറ മുന്പത്തേക്കാളേറെ  ഇംഗ്ലീഷ് വിദ്യാഭാസത്തിൽ താത്പര്യപ്പെടുന്നു. മറ്റു രാജ്യങ്ങളിൽ പോയി  പഠിക്കാനും തൊഴിൽ ചെയ്യാനുമൊക്കെ കൂടുതൽ എളുപ്പം ഇംഗ്ലീഷ് അറിഞ്ഞാൽ ആണ്  എന്ന് അവർ തിരിച്ചറിയുന്നു. ആവശ്യം കൂടിയിട്ടുണ്ടെങ്കിലും അതിനനുസരിച്ച്   ഇംഗ്ലീഷ് സ്കൂളുകളുടെ എണ്ണം കൂടിയിട്ടില്ല. അതുകൊണ്ടു  ഇംഗ്ലീഷ് സ്കൂളുകളിലേക്ക് പ്രവേശനം ലഭിക്കുക എളുപ്പമല്ല.

ഇനിയിപ്പോൾ ഫിന്നിഷ് അറിഞ്ഞിരിക്കുന്നു നല്ലതല്ലേ, ഫിനിഷിൽ  പഠിക്കാം എന്ന് കരുതിയാലോ? നന്നായി അറിയാത്ത ഒരു ഭാഷ അധ്യയന ഭാഷയായി പഠിക്കേണ്ടി വരിക എളുപ്പമല്ല എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.   ഫിൻലണ്ടിൽ ജനിച്ചു വളർന്ന കുട്ടികൾ പോലും വീട്ടിൽ ഫിന്നിഷ് സംസാരിക്കാത്തവർ ആണെങ്കിൽ സ്കൂൾ പഠനം തുടങ്ങുമ്പോൾ ഭാഷയിൽ ആവശ്യത്തിനുള്ള പ്രാവീണ്യം ഇല്ലാതെ ബുദ്ധിമുട്ടുന്നു എന്നാണ് കണ്ടു വരുന്നത്.   ഭാഷ വേണ്ടവണ്ണം പഠിക്കാൻ വർഷങ്ങൾ എടുത്തേക്കാം.


ഭാഗം ഒന്ന്: ഫിന്‍‌ലന്‍ഡിലെ സ്കൂൾ വിദ്യാഭ്യാസം ഒരു രക്ഷിതാവിന്റെ അനുഭവക്കുറിപ്പുകൾ


ഫിന്നിഷ് ഭാഷ ഒട്ടും വശമില്ലാത്ത ഒരു കുട്ടി കടുത്ത മത്സരമൊക്കെ മറികടന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനം നേടി ആശ്വാസത്തോടെ പഠിച്ചു ഒമ്പതാം ക്ലാസ്സിൽ എത്തുമ്പോഴായിരിക്കും ആ ഞെട്ടിക്കുന്ന സത്യം അറിയുന്നത്. ഇംഗ്ലീഷ് മീഡിയമായുള്ള അപ്പർ സെക്കന്ററി സ്കൂളുകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ് ആ സത്യം. മാർക്കിന്റെയും പ്രവേശനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അപ്പർ സെക്കന്ഡറിയിലേക്കു പ്രവേശനം. അതുകൊണ്ടു  ഒമ്പതാം ക്ലാസ്സുവരെ ഇംഗ്ലീഷിൽ പഠിച്ച കുട്ടികൾക്കു തുടർപഠനത്തിന്‌  ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പ്രവേശനം ലഭിച്ചെന്നു വരില്ല. അങ്ങനെ വന്നാൽ ഉയർന്ന ക്ലാസ്സിൽ ഫിന്നിഷ് മീഡിയം സ്കൂളിൽ പോയി പഠിക്കേണ്ടി വരും. ഫിന്നിഷ് മാതൃഭാഷ അല്ലാത്തവർക്ക് ഇത് പഠനഭാരം കൂട്ടുമെന്ന് പ്രത്യേകിച്ചു പറയണ്ടല്ലോ.

 


ഭാഗം നാല്‌: അറിഞ്ഞിരിക്കേണ്ട മൂല്യങ്ങൾ


 

ഫിൻലണ്ടിൽ യൂണിവേഴ്സിറ്റികളിൽ ഇംഗ്ലീഷ് പഠനം പ്രാരംഭ ഘട്ടത്തിൽ ആണ്.  വിരലെണ്ണാവുന്ന അത്ര യൂണിവേഴ്സിറ്റികളിൽ ചുരുക്കം ചില എഞ്ചിനീയറിംഗ്  ബിരുദ കോഴ്സുകൾ ഉണ്ടെന്നല്ലാതെ മറ്റു വിഷയങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ അവസരങ്ങൾ വളരെ കുറവാണ്. ഇംഗ്ലീഷിൽ സ്കൂൾ പഠനം നടത്തിയവർക്ക്  തുടർപഠനത്തിന്‌ രാജ്യത്തിന് പുറത്തു പോവുകയേ നിവൃത്തിയുള്ളു.

ചുരുക്കി പറഞ്ഞാൽ കുട്ടികളെ ഇംഗ്ലീഷ് സ്കൂളിൽ ചേർക്കുന്നതാണോ അതോ  ഫിന്നിഷ് സ്കൂളിൽ ചേർക്കുന്നതാണോ  നല്ലത് എന്നത് ഫിൻലണ്ടിലേക്കു കുടിയേറുന്നവർക്ക് മുന്നിലുള്ള വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യമാണ്.

(തുടരും)

 

You may like this video also

Exit mobile version