ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ ‘ഹിന്ദി ദിവസി‘നോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ ഈ രാജ്യത്തെ പ്രാദേശിക ഭാഷകൾ പ്രധാനപ്പെട്ടവ ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് മാത്രമേ ഇന്ത്യയെ ഒന്നാക്കി നിർത്താൻ കഴിയൂ എന്നും അതിനാൽ ഹിന്ദിയെ ഭാരതത്തിന്റെ മുഴുവൻ വ്യക്തിത്വത്തിന്റെ പ്രകടഭാവമായി ആഗോളതലത്തിൽ പ്രചരിപ്പിക്കേണ്ടതുണ്ട് എന്നും പ്രഖ്യാപിച്ചിരിക്കുന്നു. കൂടുതൽ ആളുകൾ ഉണ്ട് എന്നത് ഏതുകാര്യത്തിലും പൊതു അംഗീകാരത്തിനു മാനദണ്ഡമാകുമോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്. പക്ഷെ അതല്ല ഇവിടെ പ്രധാനപ്പെട്ട കാര്യം. ഭാരതത്തിനകത്തുനിന്നും പുറത്തുനിന്നും വിവിധ മേഖലകളിലുള്ളവർ ഇതേക്കുറിച്ച് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. കേരളം, തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നടത്തിയ എതിർ പ്രതികരണങ്ങൾ കുറിക്ക് കൊള്ളുന്നവയായിരുന്നു. ത്രിഭാഷാ പദ്ധതി ഭരണഘടനാപരമായി നടപ്പിലിരിക്കുന്ന ഒരു രാജ്യത്ത് ഇപ്രകാരമുള്ള അഭിപ്രായപ്രകടനം തികച്ചും ദുരുദ്ദേശ്യപരമാണ് എന്നും അത് പുതിയൊരു അനാവശ്യ വിവാദത്തിനു വഴിവയ്ക്കുകയേ ഉള്ളൂ എന്നും പൊതുവെ അഭിപ്രായമുയർന്നു. സ്വാഭാവികമായും ചില ബിജെപി നേതാക്കളും കലാലോകത്തുനിന്നും ചിലരും അനുകൂലമായും പ്രതികരിച്ചിട്ടുണ്ട്.
ഇതുകൂടി വായിക്കൂ: ഹിന്ദിയും നാനാത്വത്തില്‍ ഏകത്വവും
ഏറ്റവും ശ്രദ്ധേയമായത് നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ്. ഇതുമായി നേരിട്ടുള്ള ബന്ധത്തിലാണ് അത് നടത്തിയത് എന്ന് സൂചന ഇല്ലാതെ വളരെ തന്ത്രപൂർവം അദ്ദേഹം ഭാരതത്തിലെ ഭാഷാ സാഹചര്യത്തെക്കുറിച്ച് പരാമർശിച്ചു. അമിത് ഷായുടെ പ്രസ്താവനയുടെ തിരുത്തൽ എന്ന വിധത്തിലാണ് ഇത് മാധ്യമലോകം കണ്ടതും വാർത്തയാക്കിയതും. എന്നാൽ അത് ഷായുടെ പ്രസ്താവനയുടെ അനുബന്ധമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ. പ്രധാനമന്ത്രി വിദേശത്തുവച്ചാണ് പ്രസ്താവന നടത്തിയത്, ഡെന്മാർക്കിൽ. ലോകജനതയുടെ മുൻപിൽ താൻ ബഹുസ്വരതയുടെയും വികസനത്തിന്റെയും വക്താവാണെന്ന് കാണിക്കുക അദ്ദേഹത്തിന്റെ പൊതു ശൈലിയാണ്. ‘നമ്മൾ ഭാരതീയർ വിവിധ ഭാഷകൾ സംസാരിക്കുന്നവരാണെങ്കിലും സാംസ്കാരികമായി ഒരു ജനതയാണ്, സംസ്കാരമാണ് നമ്മെ ഒന്നിപ്പിച്ച് നിർത്തുന്നത്’ എന്നാണദ്ദേഹം പറഞ്ഞത്. ഇതിൽ അടങ്ങിയിരിക്കുന്ന ഗൂഢലക്ഷ്യം പക്ഷെ ഏറെപ്പേർക്ക് മനസിലായില്ല എന്നുവേണം പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസിലാവുക. സത്യത്തിൽ നമ്മെ ഒന്നിച്ചു നിർത്തുന്നത് സംസ്കാരമല്ല, രാഷ്ടീയമാണ്. പല ഭാഷകൾ സംസാരിക്കുന്നു എന്നതുതന്നെ നാം സാംസ്കാരികമായി ഒരു ജനതയല്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. ഭാഷ സംസ്കാരത്തിന്റെ പ്രകടഭാവങ്ങളിൽ ഒന്നാണ്. ഇതോടൊപ്പം മറ്റ് സാംസ്കാരിക ഭാവങ്ങളായ, തൊഴിൽ (കൃഷി, കാലിമേയ്ക്കൽ, കച്ചവടം മറ്റെന്തെങ്കിലുമോ), വസ്ത്രധാരണം, ഭക്ഷണം, ഭവന നിർമ്മാണ ശൈലി തുടങ്ങിയവയെല്ലാം സംസ്കാരത്തിന്റെ ഇതര പ്രകാശന രൂപങ്ങളാണ്. ഇവയിലെല്ലാം നമുക്ക് തികഞ്ഞ വൈവിധ്യമാണുള്ളത്. അതുകൊണ്ടുതന്നെ നാം ആ തലത്തിൽ വൈവിധ്യമുള്ളവരാണ്. എന്നാൽ രാഷ്ട്രീയമായി നാം ഒരു ജനതയാണ്. നമ്മെ ഒരു ജനതയായി നിലനിർത്തുന്നത് രാഷ്ട്രീയതത്വങ്ങളായ സ്വാതന്ത്ര്യം, ബഹുസ്വരത, ജനാധിപത്യം, മത നിരപേക്ഷത, സോഷ്യലിസം, മത ബഹുലത തുടങ്ങിയവയാണ്. ഇവിടെ ആദി ദ്രാവിഡരുണ്ട്, ദ്രാവിഡരുണ്ട്, ആര്യന്മാരുണ്ട്, പേർഷ്യൻ വംശജരുണ്ട്, ഗിരിവർഗ, ഗോത്രവർഗ സമൂഹങ്ങളുണ്ട്, ഹിന്ദുക്കളിലെ വിവിധ വിഭാഗങ്ങളുണ്ട്, ക്രിസ്ത്യാനികളും മുസ്‌ലിമുകളും സിഖുകാരും ബുദ്ധമതസ്ഥരും ജൈനമതസ്ഥരും അവയിലെ ഒക്കെ അവാന്തര വിഭാഗങ്ങളുമുണ്ട്, ഒരു മതവുമില്ലാത്തവരും, ദൈവവിശ്വാസികളല്ലാത്തവരുമുണ്ട്. ഇവർക്കെല്ലാം തനതായ സാംസ്കാരിക ഭാവങ്ങളുമുണ്ട്. എന്നാൽ ഇവരെ എല്ലാം കോർത്തിണക്കുന്നത് മുൻപറഞ്ഞ രാഷ്ട്രീയ ഭാവങ്ങളാണ്.
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ പ്രത്യക്ഷത്തിൽ അമിത് ഷായുടെ അഭിപ്രായത്തെ നിഷേധിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത് എന്ന് തോന്നിയാലും സൂക്ഷ്മനിരീക്ഷണത്തിൽ ഷായുടെ പ്രസ്താവനയുടെ അതേ വിഷയം തന്നെ മറ്റൊരു ഭാഷയിലും പ്രതീകം ഉപയോഗിച്ചും അദ്ദേഹം ആവർത്തിക്കുകയായിരുന്നു എന്ന് കാണാൻ കഴിയും. അതാകട്ടെ ബിജെപിയുടെ മാതൃ സംഘടനയായ ആർഎസ്എസിന്റെ അടിസ്ഥാന താല്പര്യമായ സാംസ്കാരിക ദേശീയത എന്ന ലക്ഷ്യസാക്ഷാത്ക്കാരത്തെ മുൻ നിർത്തിയുള്ളതു തന്നെ. പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ “സാംസ്കാരികം” എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് അമിത് ഷാ പറഞ്ഞതിനെക്കാൾ ഒരുപടി മുൻപെയുള്ള കാര്യമാണ്. ഇതിന്റെ മുൻകുറി ആയിട്ടാണ് പേരുമാറ്റൽ, ഹൈന്ദവം എന്ന് വിവക്ഷിക്കപ്പെടുന്ന സവർണ ഹൈന്ദവ സാംസ്കാരിക മേധാവിത്വത്തിന്റെ പ്രതീകങ്ങളായ പ്രതിമകളും മതചിഹ്നങ്ങളും ഇല്ലാതിരുന്നിടത്ത് ഉണ്ടായിവരികയും കണ്ടെടുക്കപ്പെടുകയും ചെയ്യുന്നത്.
ഇതുകൂടി വായിക്കൂ: ധ്രുവീകരണായുധമായി ഇനി മുതല്‍ ഹിന്ദി ഭാഷയും
നമ്മുടെ പ്രധാനമന്ത്രിയുടെ പൊതുശൈലിയോട് ചേർന്ന പ്രസ്താവന തന്നെയായിരുന്നു ഇക്കാര്യത്തിലുണ്ടായതും. കേൾക്കുമ്പോൾ നിർദേശിക്കുന്ന കാര്യം ഏറ്റവും പുരോഗമനപരവും പ്രയോജനപ്രദവും മെച്ചമായതും ഏവരെയും തുല്യമായി പരിഗണിച്ചുള്ളതും ആണെന്ന് തോന്നിക്കും. എന്നാൽ അനുഭവത്തിൽ നേരെ മറിച്ചായിരിക്കുകയും ചെയ്യും. ഇതാണ് നാം നോട്ട് നിരോധനം, പൗരത്വ ഭേദഗതി നിയമം, കാർഷിക നിയമങ്ങൾ, ജിഎസ്‌ടി നടപ്പാക്കൽ, വിദ്യാഭ്യാസനയ പരിഷ്ക്കാരം തുടങ്ങിയവയിലെല്ലാം കണ്ട ശൈലി. ചുരുക്കത്തിൽ ആഭ്യന്തര മന്ത്രി ഹിന്ദി ഭാഷയെ മുൻനിർത്തി തങ്ങളുടെ താല്പര്യം തുറസായി പറഞ്ഞപ്പോൾ പ്രധാനമന്ത്രി തികച്ചും ഗോപ്യമായി സംസ്കാരം എന്ന പ്രതീകം ഉപയോഗിച്ച് അത് വെളിപ്പെടുത്തി.
ഈ രാജ്യം ആരംഭം മുതലേ ആര്യവംശത്തിന്റെതായിരുന്നു, ഈ നാട്ടിലെ പൗരാണികർ ആര്യന്മാരായിരുന്നു, ഇവിടെ നിന്നാണ് അവർ മറ്റ് ഇടങ്ങളിലേക്ക് കുടിയേറിയത്. അതിനു ശേഷം വന്നവർ ഈ നാടിന്റെ സ്വഭാവത്തെ വ്യത്യസ്തമാക്കി. ആ വ്യത്യസ്തത നീക്കം ചെയ്ത് ഈ രാജ്യത്തെ പൂർവ സ്ഥിതിയിലാക്കേണ്ടതുണ്ട് എന്നൊക്കെയുള്ള തീവ്ര വലതുപക്ഷ ഹൈന്ദവ മതാനുയായികളുടെ നിലപാടിനു യോജിച്ച താല്പര്യമാണിത്.
ഈ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ആർക്കിയോളജി സംബന്ധമായ പരിശോധനകളുടെയും 2018 ൽ ഭാരതത്തിലെ വിവിധ സമൂഹങ്ങളിലും ഇടങ്ങളിലും നടത്തിയ ഡിഎൻഎ പരിശോധനയുടെയും ഫലം, സുപ്രീം കോടതിയുടെ 2011 ജനുവരി അഞ്ചിലെ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും ജസ്റ്റിസ് ഗ്യാൻ സുധാ മിശ്രയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നൽകിയ വിധി എന്നിവയാണവ. ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തട്ടെ, തീവ്ര ഹിന്ദുത്വ വാദികളുടെ നിലപാട് ഈ രാജ്യത്ത് ആദ്യമായി ഉണ്ടായിരുന്നത് ആര്യന്മാരായിരുന്നു, അവർ മറ്റിടങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്, അതുകൊണ്ടാണ് ഈ വർഗത്തെ മറ്റിടങ്ങളിൽ കാണപ്പെടുന്നത്. എന്നാൽ പിന്നീട് ഭാരതത്തിൽ കുടിയേറിയ വർഗങ്ങൾ ഈ നാടിന്റെ തനത് സ്വഭാവത്തെ മലീമസമാക്കി. അത് പരിഹരിച്ച് ഭാരതത്തെ സാംസ്കാരികമായും, മതപരമായും ഭാഷാപരമായും പുനഃസ്ഥാപിക്കുകയാണ് ആവശ്യമായിരിക്കുന്നത്. അതിനു ഇവിടത്തെ ഭരണകൂടം പ്രതിജ്ഞാബദ്ധമായിരിക്കണം. ഇതാണ് ആർഎസ്എസിന്റെ ഭാരതത്തിൽ അത്യന്തിക ലക്ഷ്യം. എന്നാൽ ഡിഎൻഎ പരിശോധനയുടെ ഫലത്തിൽ കണ്ടെത്തിയത് ഏകദേശം അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്നെത്തിയ പ്രഥമ കുടിയേറ്റക്കാരാണ് ഈ നാടിന്റെ ആദ്യവംശം എന്നാണ്. ഇവരിൽ നല്ലൊരു പങ്കും തെക്കെ ഇന്ത്യയിലാണ് വാസമുറപ്പിച്ചത്. വടക്കെ ഇന്ത്യയിൽ അധികമായും പിന്നീട് മധ്യ ഏഷ്യൻ സമതലങ്ങളിൽ നിന്നും വന്നവർ വാസമുറപ്പിക്കുകയായിരുന്നു. ഇതോടൊപ്പം ചൈനയിൽ നിന്നും കുടിയേറിയ കർഷകരും ഇറാനിൽ നിന്നും കുടിയേറിയവരും ചേർന്നു. ഇവയ്ക്കെല്ലാം പിന്നാലെയാണ് ഇന്തോ-ആര്യൻ കുടിയേറ്റം ഏതാണ്ട് ബിസി രണ്ടായിരത്തിനും ആയിരത്തി അറുന്നൂറിനും ഇടയ്ക്ക് സംഭവിച്ചത്. സാങ്കേതികമായി ചില പ്രത്യേക സാഹചര്യങ്ങളുണ്ടായിരുന്ന ഇവർ ഇന്ത്യയുടെ പല നിർണായകമായ സാമൂഹിക ഘടകങ്ങളുടെയും ഉത്ഭവത്തിനു കാരണക്കാരായി. സംസ്കൃതം, ഹിന്ദി, ഉർദു തുടങ്ങിയ ഭാഷകളും വേദിക് മതബോധവും ചാതുർവർണ്യ ശൈലിയിലുള്ള സാമൂഹിക വിഭജനവും ഇവയിൽപ്പെടുന്നു.
ഇതുകൂടി വായിക്കൂ: ഹിന്ദി ഭാഷാ മേധാവിത്വം വൈവിധ്യ സംസ്കാരങ്ങളെ തകർക്കൽ
സമാനമായ കണ്ടെത്തലുകളാണ് മേൽപ്പറഞ്ഞ സുപ്രീം കോടതിയുടെ വിധിയിലും ഉള്ളത്. ഇന്ത്യ പ്രാഥമികമായും ഒരു പൂർവ‑ദ്രാവിഡ വർഗം വസിച്ചിരുന്ന നാടായിരുന്നു. അവരാണ് ഇന്ന് ഗോത്രവർഗം എന്നും ഗിരിവർഗം എന്നും ആദിവാസികൾ എന്നും അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്നും ഏതെങ്കിലും വർഗം പുറത്തേക്ക് കുടിയേറി എന്നത് തികച്ചും അസംബന്ധമാണ്. കാരണം ഇവിടെത്തന്നെ കൃഷിക്കും, കാലി വളർത്തലിനും മറ്റെവിടത്തെക്കാളും മെച്ചമായ സാഹചര്യം ആദിയിലേ ഉണ്ടായിരുന്നു. ഇക്കാരണത്താൽ ഇവിടേക്കാണ് മറ്റിടങ്ങളിൽ നിന്നും കുടിയേറ്റക്കാർ എത്തിച്ചേർന്നത് എന്നൊക്കെയുള്ള കോടതിയുടെ കണ്ടെത്തലുകൾ ഈ വിധിന്യായത്തിൽ കാര്യകാരണസഹിതം നൽകപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ പുറത്തുനിന്നും വന്ന അനേകം കുടിയേറ്റക്കാരുടെ ഒരു സംഗമഭൂമിയായി ഭാരതം പരിണമിക്കുകയായിരുന്നു.
ഏതെങ്കിലും ഒരു ഭാഷയൊ ഒരു ജീവിത ശൈലിയൊ കൂടുതൽ ആളുകളുടെ ഇടയിൽ കാണപ്പെടുന്നു എന്നത് അവയുടെ പൊതു ഏകപക്ഷീയ അംഗീകാരത്തിന് അർഹത നൽകുന്നില്ല. മേൽപ്പറഞ്ഞ രാഷ്ട്രീയ കാരണങ്ങളാലല്ലാതെ, ഭാഷാപരമൊ സംസ്കാരപരമൊ വർഗപരമൊ ആയ ഏതെങ്കിലും പൊതു വിഭാഗത്തിൽ ഈ രാജ്യത്തെ ജനത്തെ തളച്ചിടാനുള്ള ഏത് ശ്രമവും തികച്ചും ചരിത്രത്തോടും, നാടിന്റെ ബഹുസ്വര സ്വഭാവത്തോടും, സാംസ്കാരിക വൈവിധ്യത്തോടും തനത് സ്വഭാവത്തോടുമുള്ള നിഷേധമായിരിക്കും. അത് ഏത് തലത്തിൽ നിന്നുണ്ടായാലും ചെറുക്കപ്പെടേണ്ടതാണ്. ഇന്ത്യയിലെ ജനം വൈവിധ്യം ഘോഷിച്ച് ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പാരസ്പര്യത്തിൽ പുലരുന്നവരാണ്. അതങ്ങനെ തന്നെ ആയിരിക്കുകയും വേണം എക്കാലവും.