Site iconSite icon Janayugom Online

ഭാഷാ പാഠപുസ്തകം അച്ചടി; പ്രഖ്യാപനം കടലാസിലൊതുക്കി യുജിസി

ഭാരതീയ ഭാഷകള്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മിഷനും (യുജിസി) പ്രഖ്യാപിച്ച പദ്ധതിക്കും മോഡി സര്‍ക്കാരിന്റെ മറ്റ് പദ്ധതികളുടെ ദുര്‍ഗതി. ‘അസ്മിത’ എന്ന പേരില്‍ രാജ്യത്തെ അംഗീകൃത ഭാഷകള്‍ സര്‍കലാശാലാ തലത്തില്‍ പാഠ്യവിഷയമാക്കാനുള്ള ശ്രമമാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. 2022 ജൂലൈയില്‍ ആരംഭിച്ച പദ്ധതിയനുസരിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ 22,000 ഭാഷാ പാഠപുസ്തകം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തില്‍ പ്രാവര്‍ത്തികമായത് കേവലം മൂന്ന് ശതമാനം മാത്രം. 597 പാഠപുസ്തകങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. ഷെഡ്യൂൾ ചെയ്ത 22 ഭാഷകളിൽ ഓരോന്നിലും 1,000 ബിരുദ പാഠപുസ്തകങ്ങൾ പുറത്തിറക്കാനായിരുന്നു അസ്മിത പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍ നിസാര കാരണത്തിന്റെ പേരില്‍ പദ്ധതി വൈകിപ്പിക്കുകയാണെന്ന് അക്കാദമിക് വിദഗ്ധര്‍ ആരോപിച്ചു. 

ഭാരതീയ ഭാഷാ സമിതിയുമായി (ബിബിഎസ്) സഹകരിച്ചാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ യുജിസി തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തോളം യുജിസി യാതൊരു പ്രവര്‍ത്തനവും നടത്തിയില്ലെന്ന് ഒരു അധ്യാപകന്‍ പ്രതികരിച്ചു. പാഠപുസ്തകം തയ്യാറാക്കുന്നത് സംബന്ധിച്ച വിവരാവകാശ അപേക്ഷയില്‍, ബിബിഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും എഴുത്തുകാരെ കണ്ടെത്തുന്നതിനായി 23 നോഡല്‍ സര്‍വകലാശാലകളെ തെരഞ്ഞെടുത്തതായും യുജിസി മറുപടി നല്‍കി. നോഡൽ സർവകലാശാലകൾ ഇതുവരെ 22 ഭാരതീയ ഭാഷകളിലായി 597 പുസ്തകങ്ങൾ ബിരുദതല കോഴ്‌സുകൾക്കായി തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ വേഗതയിലാണ് പാഠപുസ്തകം നിര്‍മ്മിക്കുന്നതെങ്കില്‍ 22,000 പുസ്തകം പ്രസിദ്ധീകരിക്കാന്‍ 10 വര്‍ഷം വേണ്ടിവരുമെന്ന് മറ്റൊരധ്യാപകന്‍ പറഞ്ഞു. നോഡല്‍ യൂണിവേഴ്സിറ്റികളെ തെരഞ്ഞെടുത്തതിലും ക്രമക്കേട് നടന്നു. യോഗ്യതയുള്ള സര്‍വകാലാശാലകളെ ഒഴിവാക്കി. ഹിന്ദി പാഠപുസ്തകം തയ്യാറാക്കാന്‍ വാര്‍ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയെ ഒഴിവാക്കി, മറ്റൊരു സര്‍വകലാശാലയ്ക്കാണ് ചുമതല നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി ഭരണത്തില്‍ കെടുകാര്യസ്ഥയും അഴിമതിയും യുജിസിയെ പിടിമുറുക്കിയാതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് കൂടുതല്‍ സാധൂകരിക്കുന്ന വിവരങ്ങളാണ് ഭാഷാപാഠപുസ്തക നിര്‍മ്മാത്തിലൂടെയും പുറത്തുവരുന്നത്. 

Exit mobile version