Site icon Janayugom Online

ബാലസോര്‍: ദുരന്തകാരണം സിഗ്നലിലെ പാളിച്ച

ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ട് റെയില്‍ മന്ത്രാലയം പുറത്തുവിട്ടു. സിഗ്നലിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയും പിഴവും അപകടകാരണമായതായും റെയില്‍വേ മന്ത്രി വ്യക്തമാക്കി. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇലക്ട്രിക്ക് ലിഫ്റ്റിങ് ബാരിയര്‍ സ്ഥാപിക്കുന്നതിന് സിഗ്നലിങ് പണികള്‍ നടക്കുന്നതിനാല്‍ ഗുമട്ടി സ്റ്റേഷനിലെ സിഗ്നലിങ് സര്‍ക്യൂട്ടില്‍ വരുത്തിയ മാറ്റമാണ് അപകടകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതാണ് പച്ച സിഗ്നല്‍ കാണിക്കാൻ ഇടയായതെന്നും ട്രെയിനുകളുടെ കൂട്ടിയിടിയില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അപകടത്തില്‍പെട്ട 41 യാത്രക്കാരെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ സിഗ്നല്‍ പിഴവ് മൂലമുണ്ടായ മറ്റ് അപകടങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയില്ല. പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ബാലസോര്‍ ദുരന്തം പോലെ ഒന്ന് ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബാലസോര്‍ ട്രെയിൻ ദുരന്തത്തില്‍ 293 പേര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു. ഈ മാസം തുടക്കത്തില്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കും തെളിവ് നശിപ്പിക്കലിനും കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: Laps­es in the ‘Sig­nalling Cir­cuit Alter­ation’ Caused the Bal­a­sore Train Accident
You may also like this video

Exit mobile version