Site iconSite icon Janayugom Online

ലാപ്‌ടോപ്പ് ഇറക്കുമതി നിരോധനം; ഗുണം ലഭിക്കുക അംബാനിക്ക്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോബുക്ക് എന്ന ലാപ്‌ടോപ്പ് പുറത്തിറക്കിയതിന് പിന്നാലെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ലാപ്‌ടോപ്പ് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം. വിദേശത്ത് നിന്നുള്ള ലാപ്‌ടോപ്പ് ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് വാണിജ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി എന്നിവ പ്രകാരം ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കാനാണ് ഇറക്കുമതി നിയന്ത്രണമെന്നാണ് വിശദീകരണം. 2021–22ല്‍ 54,956 കോടി രൂപയുടെയും 2022–23ല്‍ 42,626 കോടി രൂപയുടെയും ലാപ്‌ടോപ്പ്, ടാബ്, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഇറക്കുമതി ഇന്ത്യ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇറക്കുമതിയില്‍ 77 ശതമാനവും (32,800 കോടി രൂപ) ചൈനയില്‍ നിന്നായിരുന്നു. സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നും 8–10 ശതമാനത്തോളം ഇറക്കുമതിയുണ്ട്.
നേരത്തേ, കേന്ദ്രം ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ നിരവധി കമ്പനികള്‍ ഇന്ത്യയില്‍ ഫാക്ടറി തുറന്ന് ഉല്പാദനം ആരംഭിച്ചിരുന്നു. ലാപ്‌ടോപ്പിനും ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപമെത്താനും ഇവിടെ ഫാക്ടറികള്‍ തുറക്കാനും സഹായിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. 

അതേസമയം ഇറക്കുമതി നിയന്ത്രണം മൂന്നു മാസത്തേക്ക് നടപ്പാക്കരുതെന്ന് രാജ്യത്തെ കമ്പ്യൂട്ടർ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. ഇലക്ട്രോണിക്‌സ് നിർമ്മാതാക്കളുടെ പൊതുസംഘടനയായ മാനുഫാക്ചററേഴ്സ് അസോസിയേഷന്‍ ഫോർ ഇന്‍ഫർമേഷന്‍ ടെക്നോളജി ( മെയ്റ്റ്) ആണ് ഈ ആവശ്യവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിനെ സമീപിച്ചത്.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിദേശ നിര്‍മ്മിത ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചത് അംബാനിക്ക് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: lap­top import ban; Good luck to Ambani

You may also like this video

Exit mobile version