Site iconSite icon Janayugom Online

കേരളത്തിലേക്ക് സുനാമി ഇറച്ചി; ഷവര്‍മ്മയും ചിക്കന്‍ റോളും കഴിക്കുന്നവര്‍ അറിയാന്‍

ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കി കേരളത്തിലേക്കുള്ള അനധികൃത മാംസക്കടത്ത് വർധിക്കുന്നു. പ്രധാനമായും തമിഴ്‌നാട്ടിലെ ഡിണ്ടിഗല്ലിൽ നിന്നും ട്രെയിൻ മാർഗം വഴിയാണ് ഇവ എത്തിക്കുന്നത്. ബേക്കറി ഉല്പന്നങ്ങളായ ഷവർമ, ചിക്കൻറോൾ, പഫ്സ്, കട്‌ലെറ്റ് തുടങ്ങിയവ നിർമ്മിക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. പഴകിത്തുടങ്ങിയ മാംസം മുതൽ അഴുകിയ മാംസം വരെ ഇങ്ങനെ തീൻമേശയിലേക്ക് എത്തുന്നുണ്ട്.

കേരളത്തിൽ 360 രൂപ വിലയുള്ള മാട്ടിറച്ചി ഇവിടെ വിൽക്കുന്നത് 160 രൂപയ്ക്കാണ്. വിശാലമായ ഗോഡൗണിൽ വച്ച് കശാപ്പ് ചെയ്യുന്ന മൃഗങ്ങളെ പറയുന്ന സമയത്ത് എത്തിച്ച് നൽകാൻ കേരളത്തിൽ ഏജന്റുമാരും ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്. രോഗബാധിതമായ മാടുകളെയും കോഴികളെയും കശാപ്പ് ചെയ്ത് കേരളത്തിലേക്ക് അയക്കുന്നതും പതിവ് രീതിയാണത്രേ. ഇത് ശരിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. 

ശീതീകരണ സംവിധാനമില്ലാത്ത തെർമോക്കോൾ ബോക്സുകളിലാണ് കേരളത്തിലേക്ക് ഇറച്ചി കടത്തുന്നത്. പഴകിയ മാംസത്തിൽ രൂപപ്പെടുന്ന ഇകോളി, സാൽമോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടർ പോലുള്ള ബാക്ടീരിയകൾ അത്യന്തം അപകടകാരികളാണ്. ഇതിന് പുറമെ ചുരുക്കം ചില വൈറസുകളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്.
കൃത്യമായ ബോധവല്‍ക്കരണവും പഴുതടച്ചുള്ള നിയമസംവിധാനങ്ങളും നടപ്പാക്കാതെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാലമെത്ര കഴിഞ്ഞാലും കഴിയില്ല. 

പഴകിയ മാംസം കറി വച്ചാൽ രുചി മാറുമെന്നുറപ്പാണ്. ഷവർമയിലാണെങ്കിൽ രുചിയിൽ വലിയ മാറ്റമുണ്ടാകില്ല. മറ്റു ബേക്കറി ഉല്പന്നങ്ങളിലേക്കും ഈ മാംസം ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. പക്ഷേ ഈ രുചിയേറും വിഭവം ആരോഗ്യത്തെ കാർന്നു തിന്നുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യ വിഷബാധയേറ്റുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കടുത്ത ജാഗ്രതയിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും മറ്റും പരിശോധന നടക്കുകയാണ്. 

Eng­lish Sum­ma­ry; Tsuna­mi meat are smug­gled into Kerala
You may also like this video

Exit mobile version