Site iconSite icon Janayugom Online

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; മരണം 24 കവിഞ്ഞു

ദക്ഷിണ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ വ്യാപകമായ കാട്ടുതീ. കുറഞ്ഞത് 24 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 27,000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇരുന്നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. നിരവധി വീടുകൾ, ഫാക്ടറികൾ, വാഹനങ്ങൾ എന്നിവ തീപിടുത്തത്തില്‍ നശിച്ചു. ഉയിസോങ് നഗരത്തിലെ 1,300 വർഷം പഴക്കമുള്ള ഗൗൻസ ക്ഷേത്രം തീപിടുത്തത്തിൽ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീയിൽ ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചു. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളെയും ഏകദേശം 5,000 സൈനികരെയും തീ അണയ്ക്കാൻ വിന്യസിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ്. തീ അണയ്ക്കാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നും ദക്ഷിണകൊറിയ ആക്ടിങ് പ്രസിഡൻറ് ഹാൻ ഡക്ക്-സൂ പറഞ്ഞു. വനങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീയണയ്ക്കാൻ കൂടുതൽ അഗ്നിശമന സേനാംഗങ്ങളും സൈനികരും വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Exit mobile version