Site iconSite icon Janayugom Online

ലേസർ ഷോ അഴിമതി: കോൺഗ്രസ് നേതാവിനെതിരെ വിജിലൻസ് കേസ്

ലേസർ ഷോ അഴിമതിയിൽ ജിസിഡിഎ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ വേണുഗോപാലിനെതിരെ വിജിലൻസ് കേസ്. കൊച്ചി രാജേന്ദ്രമൈതാനത്ത് ആരംഭിച്ച ലേസർ ഷോയുടെ മറവിൽ സാമ്പത്തിക അഴിമതി നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് വേണുഗോപാൽ അടക്കം ഒമ്പതുപേർക്കെതിരെ കേസെടുത്തത്.

വേണുഗോപാലിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമ്പത്തിക ലാഭത്തിനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളുടെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിലുണ്ട്.

അധികാര ദുർവിനിയോഗമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വേണു ഗോപാലിനെക്കൂടാത ജിസിഡിഎ മുൻ സെക്രട്ടറി ആർ ലാലുവും കരാറുകാരും മറ്റ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. 2014 സെപ്റ്റംബറിലാണ് മൂന്ന് കോടി രൂപ ചെലവഴിച്ച് രാജേന്ദ്ര മൈതാനിയിൽ വിശാല കൊച്ചി വികസന അതോറിറ്റി മഴവില്ലഴക് എന്ന പേരിൽ ലേസർ ഷോ ആരംഭിച്ചത്.

നഗരവാസികളേയും വിനോദസഞ്ചാരികളേയും ആകർഷിച്ച് അതിലൂടെ അതോറിറ്റിക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കുകയെന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി പരാജയമായതോടെ 2016ൽ ഷോ പൂർണമായും നിർത്തിവച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്ന് പൊലീസിന് ലഭിച്ച പരാതി പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. കരാർ കമ്പനിക്ക് അനുകൂലമായി ഉപകരാർ വച്ചതും ഉപകരണങ്ങളുടെ വില യഥാർത്ഥ വിലയേക്കാൾ കൂട്ടിക്കാണിച്ച് കൃത്രിമം നടത്തിയതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Eng­lish summary;Laser show scam: Vig­i­lance case against Con­gress leader

You may also like this video;

Exit mobile version