Site iconSite icon Janayugom Online

ലഷ്ക്ര്‍ ഇ ത്വയ്ബ ഭീകരൻ കൊല്ലപ്പെട്ടു

ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. രാജ്യം തിരയുന്ന ഭീകര സംഘടന കമാൻഡറായ അബു കാസിം എന്ന റിയാസ് അഹമ്മദിനെയാണ് റാവലക്കോട്ടിലുള്ള അൽ‑ഖുദൂസ് പള്ളിയിൽ നിസ്കരിക്കുന്നതിനിടെ വെടിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുരിഡ്‌കെയിലെ ലഷ്‌കർ ഇ ത്വയ്ബ ബേസ് ക്യാമ്പിലാണ് അഹമ്മദ് കൂടുതലും പ്രവർത്തിച്ചിരുന്നത്. പ്രധാന കമാൻഡറായ സജ്ജാദ് ജാതിന്റെ അനുയായിയായിരുന്ന ഇയാൾ അടുത്തിടെയാണ് റാവലക്കോട്ടിലേക്ക് മാറിയതെന്നും സൈന്യം പറഞ്ഞു.

പാകിസ്ഥാനില്‍ ഈ വർഷം വെടിയേറ്റ് കൊല്ലപ്പെടുന്ന വിവിധ ഭീകര സംഘടനകളുടെ നാലാമത്തെ കമാൻഡറാണ് അബു കാസിം. കഴിഞ്ഞ മാർച്ചിൽ പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ മുഖ്യ കമാൻഡറെ അജ്ഞാതർ വെടിവെച്ച് കൊന്നിരുന്നു. കൂടാതെ അൽ‑ഖ്വയ്ദ അനുകൂലികളായ അൻസാർ ഗസ്‌വത്-ഉൽ‑ഹിന്ദിന്റെ ചീഫ് കമാൻഡർ സക്കീർ മൂസ 2019 ല്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ കറാച്ചിയിൽ വെച്ച് അജ്ഞാതര്‍ മുൻ അൽ-ബദർ മുജാഹിദ്ദീൻ കമാൻഡർ സയ്യിദ് ഖാലിദ് റാസയെയും വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.

അബു കാസിമിന്റെ നേതൃത്വത്തിൽ രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കായി തെരച്ചിൽ തുടരവെയാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

Eng­lish sum­ma­ry; Lashkr-e-Twai­ba ter­ror­ist killed

you may also like this video;

Exit mobile version