പരമ്പര പിടിക്കാന്‍ ഇന്ത്യയും സമനിലയാക്കാന്‍ ദക്ഷിണാഫ്രിക്കയും അവസാന അങ്കത്തിനിറങ്ങുന്നു. ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം വാന്‍ഡെറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30ന് നടക്കും. നിലവില്‍ 2–1ന് ഇന്ത്യയാണ് പരമ്പരയില്‍ മുന്നില്‍. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ സൂര്യകുമാറിനും സംഘത്തിനും പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ മത്സരത്തില്‍ 11 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസണ് വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇന്ത്യ 219 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 208 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന്റെ ജയത്തോടെ തിരിച്ചെത്തി. ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ മലയാളി താരം സഞ്ജു സാംസണ് പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച സ്കോര്‍ നേടേണ്ടത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ്മ ഫോം കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. താരം കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി. അതിനാല്‍ ഓപ്പണിങ്ങില്‍ സഞ്ജു-അഭിഷേക് സഖ്യം തന്നെ തുടരും. ഇന്ത്യയുടെ മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങും പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. അതിനാല്‍ റിങ്കു സിങ്ങിന് പകരം ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ബാറ്റിങ് കരുത്തു കൂട്ടാനായി അക്സര്‍ പട്ടേലും രമണ്‍ദീപ് സിങ്ങും ടീമില്‍ തുടരാനാണ് സാധ്യത.
ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ് പേസറേയും മൂന്ന് സ്പിന്നര്‍മാരെയുമാണ് പരിഗണിച്ചത്. അര്‍ഷ്ദീപിനൊപ്പം ഹാര്‍ദിക് പാണ്ഡ്യക്കാണ് പേസ് ബൗളിങ്ങിന്റെ ഉത്തരവാദിത്തം നല്‍കിയത്. എന്നാല്‍ ഹാര്‍ദിക്കിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ മികച്ചൊരു പേസറെ നാലാം മത്സരത്തില്‍ ഇറക്കിയേക്കും. അതിനാല്‍ തന്നെ യഷ് ദയാലിന് അവസരം നല്‍കുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ മത്സരത്തില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി തല്ല് വാങ്ങിയെങ്കിലും മറ്റു മത്സരങ്ങളില്‍ വിക്കറ്റ് വേട്ടയില്‍ താരം മുന്‍പന്തിയിലായിരുന്നു.