Site iconSite icon Janayugom Online

ലൊസെയ്ന്‍ ഡയമണ്ട് ലീഗ്; നീരജിന് രണ്ടാം സ്ഥാനം

തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡല്‍ നേടിയെത്തിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനം. നീരജ് ചോപ്ര അവസാന ശ്രമത്തിൽ ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം നേടി. ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ (87.08) മൂന്നാമതായി. തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച നീരജ് ആറാമത്തെ ഏറിലാണ് പാരിസ് ഒളിമ്പിക്സില്‍ വെള്ളിനേടിയ ദൂരം (89.45) മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്. 90.61 മീറ്റര്‍ ദൂരമെറിഞ്ഞാണ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഡയമണ്ട് ലീഗിലെ മത്സരത്തില്‍ ഒന്നാമതെത്തിയത്. പാരിസ് ഒളിമ്പിക്സിന് ശേഷം നീരജ് മത്സരിച്ച പ്രധാന അന്താരാഷ്ട്ര മത്സരമായിരുന്നു ലൊസെയ്ൻ ഡയമണ്ട് ലീഗ്. ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് ചാമ്പ്യനാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. 

പാരിസ് ഒളിമ്പിക്സിൽ കൈയകലെ സ്വർണം നഷ്ടമായതിന്റെ ക്ഷീണം മാറ്റാനും ലൊസെയ്‌നില്‍ ഹാട്രിക്ക് തികയ്ക്കാനും ഇറങ്ങിയ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപേടേണ്ടിവന്നു. പാരിസില്‍ പാകിസ്ഥാന്റെ അര്‍ഷദ് നദീമിന് മുന്നില്‍ സ്വര്‍ണം കൈവിട്ട നീരജിന് ലൊസെയ്‌നിലും മത്സരം അനായാസമായിരുന്നില്ല. അര്‍ഷാദ് നദീം ലൊസെയ്‌നില്‍ മത്സരിച്ചില്ലെങ്കിലും പാരിസ് ഒളിമ്പിക്സ് ഫൈനലിലില്‍ ആദ്യ ആറിലെത്തിയ അഞ്ച് താരങ്ങളും നീരജിനൊപ്പം മത്സരത്തിനിറങ്ങിയിരുന്നു. പാരിസ് ഒളിമ്പിക്സിലെ വെള്ളി മെഡൽനേട്ടത്തിനുശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരമായിരുന്നു ഇത്. 

തുടക്കം മുതൽ താളം കണ്ടെത്താൻ വിഷമിച്ച നീരജ് ചോപ്ര, അവസാന രണ്ടു ശ്രമങ്ങളിലാണ് 85 മീറ്റർ തന്നെ പിന്നിട്ടത്. ആദ്യ ശ്രമത്തിൽ 82.10 മീറ്ററുമായി നാലാമതായിരുന്നു നീരജ്. പിന്നീട് 83.21 മീറ്ററോടെ മൂന്നാം സ്ഥാനത്തേക്കു കയറിയെങ്കിലും അധികം വൈകാതെ നാലാമനായി. മൂന്നാം ശ്രമത്തിൽ നീരജ് 83.13 മീറ്ററുമായി പിന്നിലേക്കു പോയി. നാലാം ശ്രമത്തിൽ വീണ്ടും 83.21 മീറ്റർ ദൂരം കണ്ടെത്തിയെങ്കിലും നാലാമതു തന്നെ. അഞ്ചാം ശ്രമത്തിൽ ആദ്യമായി 85 മീറ്റർ കടന്ന നീരജ്, 85.58 മീറ്റർ ദൂരത്തോടെ മൂന്നാം സ്ഥാനത്തേക്കു കയറി. ഒടുവിൽ അവസാന ശ്രമത്തിൽ സീസണിലെ തന്റെ മികച്ച പ്രകടനമെന്ന ഖ്യാതിയോടെ 89.49 മീറ്ററോടെ രണ്ടാം സ്ഥാനത്തേക്ക്.

സീസണിലെ ഡയമണ്ട് ലീഗുകളില്‍ നിലവില്‍ 14 പോയിന്റുള്ള യാക്കൂബ് വാദ്‍ലെച്ച് ആണ് ഒന്നാമത്. 13 പോയിന്റുള്ള ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് രണ്ടാമത്. നിലവില്‍ ഒന്നാമെത്തിയതോടെ ആന്‍ഡേഴ്സണിന്റെ പോയിന്റും ഉയര്‍ന്നു. ഈ സീസണില്‍ ദോഹ ഡയമണ്ട് ലീഗില്‍ മാത്രം മത്സരിച്ച നീരജിന് ഏഴ് പോയിന്റാണുള്ളത്. സെപ്റ്റംബർ 14ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാമ്പ്യനാകുക.

Exit mobile version