ത്രിപുരയില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നുവെന്ന് ഇടതുപക്ഷ പാര്‍ലമെന്ററി സംഘം. കഴിഞ്ഞ ദിവസം ആര്‍എസ്എസ്-ബിജെപി സംഘം അതിക്രമങ്ങള്‍ നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സംഘം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം, സിപിഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി, പി ആര്‍ നടരാജന്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, എ എ റഹിം, കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ്, രഞ്ജീത് രഞ്ജന്‍, അബ്ദുള്‍ ഖാലിക് എന്നിവരടങ്ങിയ സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ഇരകളായവര്‍ വിശദീകരിച്ചതെന്നും എങ്ങും ഭയപ്പെടുത്തുന്ന കാഴ്ചകളായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്ത മന്ത്രാലയത്തിന്റെ അറിവോടെയും മന്ത്രി അമിത് ഷായുടെ ഒത്താശയോടെയുമാണ് ത്രിപുര കലാപ ഭൂമിയായി മാറിയതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് മനുഷ്യരെയാണ് തങ്ങൾക്ക് കാണാൻ കഴിഞ്ഞത്. നൂറുകണക്കിന് പ്രവർത്തകരും അനുഭാവികളും വീടുകളിൽ നിന്നും ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ്. തീയിടുക, ആക്രമിക്കുക, ആട്ടിയോടിക്കുക എന്നതാണ് ഇപ്പോഴത്തെ ത്രിപുര സര്‍ക്കാരിന് കീഴില്‍ ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ നടപ്പിലാക്കുന്ന ക്രമസമാധാനമെന്നും അദ്ദേഹം പറഞ്ഞു.
ബോധപൂർവം ജനങ്ങളുടെ ജീവിതോപാധി നശിപ്പിക്കുന്ന സാഹചര്യമാണ് എല്ലായിടങ്ങളിലും കണ്ടതെന്ന് എളമരം കരീം പറഞ്ഞു. ഓട്ടോറിക്ഷകൾ ഉള്‍പ്പെടെ സാധാരണക്കാരുടെ ജീവനോപാധികള്‍, തൊഴിലുപകരണങ്ങൾ, കടകൾ, വീടുകൾ എന്നിവയെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടു. പൊലീസ് ഒരു സഹായവും ചെയ്തില്ലെന്നും അതുകൊണ്ട് ജനങ്ങൾ നിസ്സഹായാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ നൽകുന്ന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് സന്നദ്ധമാകുന്നില്ല. അതേസമയം ഇരകളെ കുറ്റവാളികളായി ചിത്രീകരിക്കുകയും കേസെടുക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഗുണ്ടകളെയും കൊള്ളക്കാരെയും സംരക്ഷിക്കുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.
വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം പ്രതിനിധി സംഘം ഗവര്‍ണര്‍ സത്യദേവ് നരേന്‍ ആര്യക്ക് നല്കി. വളരെയധികം തവണ ബന്ധപ്പെട്ടതിനുശേഷമാണ് സംസ്ഥാന ഗവർണർ പ്രതിനിധി സംഘത്തെ കാണുന്നതിന് സമ്മതിച്ചത്.
English Summary; Law and order has completely broken down in Tripura: Left leaders
You may also like this video