Site iconSite icon Janayugom Online

പഞ്ചാബില്‍ ലോ കോളജ് വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

പഞ്ചാബിലെ ടാർൺ തരൺ ജില്ലയിലെ ലോ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ സന്ദീപ് കൗർ സഹപാഠിയുടെ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാവിലെ 9.15-ഓടെയായിരുന്നു കലാലയത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സന്ദീപിനെ വെടിവെച്ച ശേഷം പ്രതിയായ പ്രിൻസ് രാജ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് രാജ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് പോയ സന്ദീപിനെ പ്രിൻസ് പിന്തുടരുന്നതും മറ്റൊരു വിദ്യാർത്ഥിനി ഇടപെട്ട് ഇരുവരെയും തിരികെ ക്ലാസിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

തിരികെ ക്ലാസ് മുറിയിലെത്തിയ ശേഷം സന്ദീപ് കൗർ അവസാന ബെഞ്ചിലും പ്രിൻസ് തൊട്ടുമുന്നിലുമാണ് ഇരുന്നത്. തുടർന്ന് പ്രിൻസ് തന്റെ ബാഗിൽ നിന്ന് തോക്കെടുത്ത് പെൺകുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സന്ദീപ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തൊട്ടുപിന്നാലെ പ്രിൻസ് സ്വന്തം തലയിലേക്കും വെടിവെച്ചു. ആക്രമണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥി തോക്കുമായി ക്ലാസ് മുറിയിൽ പ്രവേശിച്ചത് സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Exit mobile version