Site iconSite icon Janayugom Online

വ്യാജ ഉത്തരവ് ചമച്ച കേസിൽ അഭിഭാഷക അറസ്റ്റിൽ

ഹൈക്കോടതി ജഡ്ജിയുടെ വ്യാജ ഉത്തരവ് ചമച്ച കേസിൽ അഭിഭാഷക അറസ്റ്റിൽ. ഹൈക്കോടതി അഭിഭാഷകയും വടുതല സ്വദേശിയുമായ പാർവതി എസ് കൃഷ്ണയെയാണ് ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. നിലമായിരുന്ന ഭൂമി പുരയിടമായി തരംമാറ്റിയെന്ന ഹൈക്കോടതി ഉത്തരവും തരംമാറ്റൽ നടപടി നടക്കുന്നതായുള്ള ആർഡിഒ ഓഫിസിൽനിന്നുള്ള കത്തുമാണ് വ്യാജമായി തയ്യാറാക്കിയത്.

ഉത്തരവും കത്തും പാർവതി വ്യാജമായി തയ്യാറാക്കിയതാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരുടെ ഫോൺ, ലാപ‌്ടോപ് എന്നിവയിൽനിന്ന് തെളിവുകൾ ലഭിച്ചു. ഹൈക്കോടതിയുടെ ഏതെങ്കിലും ഉത്തരവ് സംഘടിപ്പിച്ചശേഷം അതിൽ ആവശ്യമായ മാറ്റം വരുത്തി കക്ഷിയെ കാണിച്ച് കബളിപ്പിക്കുന്നതായിരുന്നു രീതിയെന്നും പൊലീസ് വ്യക്തമാക്കി.

പാലാരിവട്ടം സ്വദേശി പി ജെ ജൂഡ്സണായിരുന്നു പരാതിക്കാരൻ. 75,000 രൂപ ഫീസ് നൽകിയാൽ ജൂഡ്സണിന്റെ പാലാരിവട്ടത്തെ 11.300 സെന്റ് സ്ഥലം പുരയിടമാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വക്കാലത്ത് ഒപ്പിടുവിച്ച് 40,000 രൂപ വാങ്ങി. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ജൂഡ്സൺ പൊലീസിനെ സമീപിക്കുകയായിരുന്നു. കളമശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തിയതായി സൂചന ലഭിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Lawyer arrest­ed on cheat­ing, forgery charges
You may also like this video

Exit mobile version