Site icon Janayugom Online

റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഭിഭാഷകൻ; വിവാഹത്തിന് മുൻപും ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തല്‍

Rifa mehnu

വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഭിഭാഷകൻ പി റഫ്ത്താസ്. ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫ മെഹ്നുവിന്റെ കഴുത്തിലെ മുറിവിനെ കുറിച്ച് ദുബായിലെ ഫോറൻസിക് റിപ്പോർട്ടിലും പരാമർശിച്ചിട്ടുണ്ട്. റിഫയുടെ ഭർത്താവ് മെഹ്നാസ് വിവാഹത്തിന് മുൻപും റിഫയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകൻ വെളിപ്പെടുത്തിയിരിക്കുന്നത്. റിഫയുടെ മൃതദേഹത്തിൽ കഴുത്തിന് ചുറ്റും പാടുളളതായി ദുബായിലെ സർക്കാർ രേഖകളിൽ നിന്നും വ്യക്തമായിട്ടുളളതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. മെഹ്നാസ് പറയുന്ന പല കാര്യങ്ങളും വിശ്വസനീയമല്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. റിഫയുടെ മരണത്തിന് തൊട്ട് പിന്നാലെ മെഹ്നാഫ് ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. റിഫയുടെ സഹോദരനും ബന്ധുക്കളും അടക്കമുളളവർ ദുബായിൽ തന്നെയാണ് താമസിക്കുന്നത്. സംഭവ ദിവസം റിഫയുടെ സഹോദരനെ വിളിച്ച് പറഞ്ഞത് മെഹ്നാസ് ആണ്. മെഹ്നാസ് പറഞ്ഞത് റിഫ ഒരു പൊട്ടത്തരം ചെയ്തുവെന്നും ആശുപത്രിയിലാണ് എന്നുമാണ്. വിവരം അറിഞ്ഞ് സഹോദരൻ ചെല്ലുമ്പോൾ കാണുന്നത് റിഫയുടെ മൃതദേഹം ആംബുലൻസിൽ കയറ്റുന്നതാണ്. സംഭവം നടന്നതുമായി ബന്ധപ്പെട്ട് മെഹ്നാസ് പറയുന്ന സമയത്തിലും വ്യത്യാസമുളളതായി റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകൻ പറയുന്നു. റിഫയുടെ മരണം നടന്ന് മൂന്നാമത്തെ ദിവസം പോയ മെഹ്നാസ് പിന്നെ റിഫയുടെ ബന്ധുക്കളെ ബന്ധപ്പെട്ടിട്ടല്ല. കുട്ടിയെ കാണാൻ പോലും മെഹ്നാസ് വന്നിട്ടില്ലെന്നും അഭിഭാഷകൻ ആരോപിക്കുന്നു.

റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷി മെഹ്നാസുമായി റൂം പങ്കിട്ടിരുന്ന സുഹൃത്താണ്. ഇയാളെക്കുറിച്ച് ഇപ്പോൾ യാതൊരു വിവരവും ഇല്ലെന്നും വിളിക്കാനൊ ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്നും അഭിഭാഷകൻ പറയുന്നു. വിവാഹത്തിന് മുൻപ് തന്നെ റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഒരിക്കൽ മാളിൽ വെച്ച് മെഹ്നാസ് റിഫയുടെ മുഖത്ത് അടിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മറ്റൊരിക്കൽ ഇരുമ്പ് വടി കൊണ്ട് കാൽ അടിച്ച് പൊട്ടിച്ചതായി റിഫയുടെ അച്ഛൻ തന്നെ വെളിപ്പെടുത്തിയിരുന്നു. റിഫയുടെ ഫോൺ കാണാനില്ലെന്നും അത് മെഹ്നാസിന്റെ കൈവശമാണെന്നും അഭിഭാഷകൻ പറയുന്നു.

റിഫയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. കഴുത്തിന് ചുറ്റും പാടുളളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലുളള സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ശരീരത്തിൽ വിഷാംശം കലർന്നിരുന്നോ എന്ന് കണ്ടെത്താൻ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയും രാസപരിശോധനയും നടത്തുന്നുണ്ട്. റിഫയുടെ കുടുംബത്തിന്റെ പരാതിയിൽ മെഹ്നാസിന് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കാക്കൂർ പൊലീസാണ് കേസെടുത്തത്.

Eng­lish Sum­ma­ry: Lawyer says Rifa’s death mys­te­ri­ous; Dis­clo­sure of harass­ment before marriage

You may like this video also

Exit mobile version