കളമശേരിയിലേക്ക് ഹൈക്കോടതി മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ അഭിഭാഷകർ. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗമാണ് എതിർപ്പുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. കളമശേരിയിലെ എച്ച്എംടിയുടെ 25 ഏക്കർ സ്ഥലത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിച്ച് ഹൈക്കോടതി അവിടേക്ക് മാറ്റാനായിരുന്നു സർക്കാർ തീരുമാനം.
അഭിഭാഷക അസോസിയേഷനുമായി ആലോചിക്കാതെയാണ് കോടതി മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുത്തതെന്നും യോഗം വിലയിരുത്തി. ഹൈക്കോടതിക്ക് സമീപമുള്ള ഹൗസിങ് ബോർഡിന്റെ സ്ഥലം ഏറ്റെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെടും. ഇക്കാര്യത്തിൽ തുടർനടപടികൾക്കും യോഗം തീരുമാനിച്ചു. കളമശേരിയിലേക്കു കോടതി മാറുമ്പോൾ അഭിഭാഷകർക്ക് എന്തെല്ലാം സൗകര്യങ്ങൾ വേണമെന്ന് ആരാഞ്ഞ് രജിസ്ട്രാർ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ യോഗം വിളിച്ചുചേർത്തത്.
English Summary:Lawyers against decision to replace high court
You may also like this video