യുഡിഎഫ്-ബിജെപി അക്രമരാഷ്ട്രീയത്തെ തുറന്നുകാട്ടാന്‍ എല്‍ഡിഎഫ് വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്ക്. ജൂണ്‍ 21 മുതല്‍ ജൂലൈ മൂന്ന് വരെ ജില്ലാ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെ അണിനിരത്തി മഹാറാലികള്‍ സംഘടിപ്പിക്കാനും തുടര്‍ന്ന് മണ്ഡലം തലത്തിലുള്‍പ്പെടെ ജനങ്ങളിലേക്കിറങ്ങിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.
21ന് തിരുവനന്തപുരം, 22ന് കൊല്ലം, എറണാകുളം, 23ന് കോഴിക്കോട്, കാസര്‍കോട്, 28ന് കോട്ടയം, കണ്ണൂര്‍, 29ന് പത്തനംതിട്ട, ആലപ്പുഴ, 30ന് വയനാട്, ഇടുക്കി, ജൂലൈ രണ്ടിന് പാലക്കാട്, മൂന്നിന് തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ബഹുജനറാലികള്‍. വികസനപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കാനും വികസനവിരോധികളെയും അക്രമകാരികളെയും തുറന്നുകാട്ടാനുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളെ മുഴുവന്‍ ജനങ്ങളും പിന്തുണയ്ക്കണമെന്ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ജനങ്ങളുടെ ആഘോഷമായും ആഹ്ലാദമായും മാറിയിരിക്കുകയാണ്. ഇതിനെയെല്ലാം അലങ്കോലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയ്ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി ജോലി നല്‍കിയത് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള സംഘടനയാണ്. അവരെയാണ് ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്തിറക്കിയിരിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.
വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ രണ്ട് വധോദ്യമ കേസുകളിലുള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്. മറ്റൊരാളും കേസുകളില്‍ പ്രതിയാണ്. ഇത്തരത്തിലുള്ളവരെയാണ് വിമാനത്തില്‍ കയറ്റിവിട്ടത്. ഇത് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണെന്നും ജയരാജന്‍ പറഞ്ഞു.
English Summary: LDF campaign against UDF-BJP violence: Campaign 21
You may like this video also